ഡോക്ടറെന്ന വ്യാജേന മെഡിക്കൽ-എൻജി. സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsമലപ്പുറം: ഡോക്ടറെന്ന വ്യാജേന മെഡിക്കൽ പി.ജി, നഴ്സിങ്, എൻജിനീയറിങ് സീറ്റുകൾ വാഗ്ദാനം നൽകി പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ.
പത്തനംതിട്ട സ്വദേശി സാജു ബിൻ സലീം എന്ന ഷംനാദ് ബിൻ സലീമാണ് (36) മലപ്പുറം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ബംഗളൂരുവിലെ ഭാരതിയാർ സിറ്റിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2017ൽ മലപ്പുറം സ്വദേശിയായ ഡോക്ടർക്ക് രാജസ്ഥാനിൽ മെഡിക്കൽ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് ഇടനിലക്കാരൻ വഴി പ്രതി 70 ലക്ഷത്തോളം രൂപ കൈവശപ്പെടുത്തിയിരുന്നു. സീറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രതിയെ സമീപിച്ചപ്പോൾ കുറച്ച് പണം തിരികെ നൽകി കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
മലപ്പുറം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ല ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതി കേരളത്തിൽ മിക്ക ജില്ലകളിലും ഇത്തരം തട്ടിപ്പുകൾ നടത്തി കോടികൾ കൈക്കലാക്കിയതായി മനസ്സിലായി. അന്വേഷണത്തിൽ ബംഗളൂരു കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ നടത്തുന്നതെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് ബംഗളൂരുവിൽ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി സാഹസിക നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.
2012 മുതൽ വിവിധ ജില്ലകളിൽ തട്ടിപ്പുകൾ നടത്തിയ പ്രതിക്ക് മലപ്പുറം സ്റ്റേഷനെക്കൂടാതെ കോഴിക്കോട് ടൗൺ സ്റ്റേഷൻ, കുറത്തിക്കാട്, പെരുമ്പാവൂർ, വെൺമണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. കർണാടകയിലെ വിജയനഗർ സ്റ്റേഷനിൽ നാല് കേസുകളുണ്ട്. ജില്ല ക്രൈം ബ്രാഞ്ച് എസ്.ഐമാരായ ബിബിൻ, സുഹൈൽ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ജില്ല ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ബിനുകുമാർ, എസ്.ഐ അഷറഫ്, എം. അരുൺഷ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അബ്ദുറഹ്മാൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.