ഇലഞ്ഞി സഹകരണ സംഘത്തിൽ 26 ലക്ഷത്തിെൻറ തട്ടിപ്പ്
text_fieldsകൂത്താട്ടുകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായ രീതിയിൽ സി.പി.എം അധികാരത്തിലുള്ള കൂത്താട്ടുകുളം ഇലഞ്ഞി ഗ്രാമീണ സഹകരണ സംഘത്തിലും തട്ടിപ്പ്.
ഭരണസമിതി അംഗങ്ങൾ 26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിവുകൾ. രണ്ടര വർഷമായി നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്ന വിശദീകരണവുമായി പാർട്ടി നേതൃത്വം രംഗത്തെത്തി. സി.പി.എം ഇലഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. 2017ലാണ് സംഘം രൂപവത്കരിച്ചത്. 2018-2019 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതായി ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്.
ബാങ്കിൽ താൽക്കാലികമായി നിയമിച്ച അറ്റൻഡർ ജിഷ്ണു ശശിക്കെതിരെ ഭരണസമിതി കേസ് കൊടുത്തിരുന്നു. ഇതേതുടർന്ന് ജിഷ്ണു ശശി മുൻകൂർ ജാമ്യമെടുത്തു. മുൻകൂർ ജാമ്യാപേക്ഷയിലാണ് പ്രസിഡൻറും ഭരണസമിതിയും അറിഞ്ഞാണ് തട്ടിപ്പ് നടന്നതെന്നും തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ജൂലൈയിലാണ് ഓഡിറ്റ് നടന്നത്. അതിന് ആറുമാസം മുമ്പാണ് തട്ടിപ്പ് നടന്നതെന്നാണ് ഭരണസമിതി പറയുന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ട് ഓണററി സെക്രട്ടറി അടക്കുള്ള മറ്റ് ബോർഡ് ഡയറക്ടർമാർ അറിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം.
പരസ്പരം നൽകുന്ന കൈവായ്പയുടെ പേരിലാണ് തട്ടിപ്പ്. പാർട്ടി അനുഭാവികളുടെയും ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ ലക്ഷങ്ങളാണ് അവർപോലും അറിയാതെ വായ്പ എടുത്തിരിക്കുന്നത്. സെക്രട്ടറി അറിയാതെ സെക്രട്ടറിയുടെ ഒപ്പിട്ടാണ് തട്ടിപ്പ് നടന്നതെന്നാണ് പറയുന്നത്. അംഗത്വ ഫോമിലെ ഫോട്ടോ വായ്പ ഫോമിലേക്ക് മാറ്റിപ്പതിപ്പിച്ചാണ് തട്ടിപ്പ്.
ഇത് സെക്രട്ടറിയോ ഭരണസമിതിയോ അറിയാതെ സെക്രട്ടറിയുടെ ഒപ്പിട്ട് ലോൺ പാസാക്കി തുക ജീവനക്കാരൻ കൈപ്പറ്റി എന്നാണ് പറയുന്നത്. വായ്പ കൊടുത്തിരിക്കുന്നത് ആർക്കൊക്കെ, എത്രപേർ, തുക എന്നിവയൊന്നും നാലുവർഷമായി പ്രവർത്തിക്കുന്ന ഭരണസമിതി അറിഞ്ഞില്ലെന്നാണ് പറയുന്നത്.ഇലഞ്ഞി ലോക്കൽ കമ്മിറ്റി ഓഫിസിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ വി.ജെ. പീറ്ററിെൻറ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സംഘം നിയന്ത്രിച്ചിരുന്നത്.
രണ്ടുവർഷം മുമ്പ് നാലുലക്ഷം രൂപയുടെ തട്ടിപ്പിലാണ് തുടക്കം. അന്നുമുതൽ സംഘത്തിൽ വൻ ക്രമക്കേടുകളാണ് നടന്നത്. മുമ്പ് നടന്ന തട്ടിപ്പിലൊന്നും അന്വേഷണം നടത്തിയിട്ടില്ല എന്നതും ദുരൂഹത ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.