ട്രേഡിങ്ങിലൂടെ വൻ ലാഭം; 48 ലക്ഷം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
text_fieldsകോഴിക്കോട്: വ്യാജ ഷെയർ ട്രേഡിങ് വെബ്സൈറ്റ് ഉപയോഗിച്ച് നിർമിതബുദ്ധി സംവിധാനം വഴി ഷെയർ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് 48 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ മൂന്നാമത്തെ പ്രതി അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശി സാബിക്കിനെയാണ് (26) കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്.
ജോലിയിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിങ് രംഗത്ത് പരിചയവും പ്രാഗല്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ ട്രേഡിങ് സംബന്ധമായ ക്ലാസുകളും ടിപ്പുകളും നിർദേശങ്ങളും നൽകി വിശ്വാസം നേടിയാണ് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 48 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
പരാതിക്കാരനിൽനിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി അയപ്പിച്ച് തട്ടിയെടുത്ത പണം ഇന്റർനെറ്റ് ബാങ്കിങ് വഴി മറ്റൊരു പ്രതി മുജീബിന്റെ അക്കൗണ്ടിലേക്ക് എത്തുകയും അവിടെനിന്ന് അറസ്റ്റിലായ സാബിക്കും രണ്ടാം പ്രതി ജാബിർ അലിയുംകൂടി ചെക്കുകൾ ഉപയോഗിച്ച് പിൻവലിക്കുകയുമായിരുന്നു.
കമീഷൻ സ്വീകരിച്ച് സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തുനൽകി പണം പിൻവലിക്കാൻ നേതൃത്വം നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സാബിക്കെന്ന് പൊലീസ് പറഞ്ഞു.
തട്ടിയെടുത്ത പണം എത്തിച്ചേർന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ പങ്ക് തിരിച്ചറിഞ്ഞത്. സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്താണ് പ്രതിയെ അറസ്റ്റുചെയ്തത്.
സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിമീഷ്, രാജേഷ് ജോര്‍ജ്, ഷമാന അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (https://cybercrime.gov.in/) വഴിയും രജിസ്റ്റർ ചെയ്യാമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.