മലയോരത്ത് കിടക്ക വില്പനയുടെ മറവിലും തട്ടിപ്പ്; കേസ്
text_fieldsശ്രീകണ്ഠപുരം: ജില്ലയിലെ മലയോര ഗ്രാമങ്ങളിലടക്കം കിടക്ക വിൽപനയുടെ മറവിൽ വീടുകളിൽ തട്ടിപ്പ്. കിടക്ക വില്പനക്കെത്തുന്ന ചില സംഘങ്ങൾ സ്ത്രീകളെ പീഡിപ്പിക്കാനും കവർച്ച നടത്താനും ശ്രമിക്കുന്നതായാണ് വ്യാപക പരാതി ഉയർന്നത്. പകൽ സമയങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെന്നാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഉളിക്കൽ കോളിത്തട്ടിനടുത്ത വീട്ടില്‍ കിടക്ക വിൽപനക്കെത്തിയ മൂന്നംഗ സംഘം വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ബഹളം വെച്ചതോടെ ഓടിരക്ഷപ്പെട്ട സംഘത്തെ മട്ടിണിയില്‍ തടഞ്ഞുനിര്‍ത്തി ജനങ്ങള്‍ കൈകാര്യം ചെയ്ത് പൊലീസിലേൽപിക്കുകയായിരുന്നു. കൊല്ലം കരിമ്പിന്പുഴയിലെ സുദേവന് (60), ശാസ്താംകോട്ട സ്വദേശികളായ ദീപ്തി നിവാസില്‍ ദിലീപ് (46), കൃഷ്ണവിലാസത്തില് രത്നാകരന് (50) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്ത് ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കും വിധം പ്രവർത്തിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പെണ്‍കുട്ടിയോട് അപമര്യാദ കാട്ടിയതിന് താക്കീത് നല്‍കുകയും ചെയ്തു. തളിപ്പറമ്പ് ധര്‍മശാലയില്‍ വാടക വീടെടുത്ത് താമസിച്ചാണ് ഇവര്‍ കിടക്ക വില്പനക്ക് പോകുന്നത്. ഇവര്‍ക്കൊപ്പം മറ്റ് ചിലര്‍കൂടിയുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് പ്രധാനമായും മലയോര മേഖല കേന്ദ്രീകരിച്ചാണ് ഇവര്‍ കിടക്ക വില്പനയും തട്ടിപ്പും നടത്തുന്നത്. ഇത്തരം വിൽപനക്കാർ വീടുകളിൽ എത്തിയാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാൽ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരക്കാർ വീടുകളിൽ ചെന്ന് വ്യാപകമായി സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്നതായി പലരും പരാതി പറയുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നൽകാത്തതിനാലാണ് പൊലീസ് നടപടി കർശനമാക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.