വാഹന ഓയിലിന്‍റെ മറവിൽ തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsതൊടുപുഴ: ഇരുചക്ര വാഹനത്തില്‍ കറങ്ങി വേറിട്ട തന്ത്രവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്നയാൾ പൊലീസ് പിടിയിൽ. തൊടുപുഴ വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ടനെയാണ് (52) തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇരുചക്രവാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ കൂടുതലായി തട്ടിപ്പിനിരയാക്കിയത്. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെയെത്തി നിങ്ങളുടെ വാഹനത്തിന്റെ എന്‍ജിനുള്ളില്‍ ഓയില്‍ കുറവാണെന്നും അതിനാല്‍ ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീപിടിക്കുമെന്നും പറയും. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്.
ഓയില്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപയും മറ്റും വാങ്ങി ഓയില്‍ ഒഴിച്ചുനല്‍കും. ഒട്ടേറെ വാഹനയുടമകള്‍ ഇയാള്‍ പറഞ്ഞത് വിശ്വസിച്ച് പണം നല്‍കി ഓയില്‍ മാറി. എന്നാല്‍, സംശയം തോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്ന് വ്യക്തമായത്.
സംഭവം ശ്രദ്ധയിൽപെടുത്തിയതോടെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ് കേരള ഭാരവാഹികള്‍ ഇത് സംബന്ധിച്ച് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. കബളിക്കപ്പെട്ട ചിലരും വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയായി പൊലീസ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ച് വരുകയായിരുന്നു.
അന്വേഷണത്തില്‍ ഇയാളുടെ ഹെല്‍മറ്റ് ധരിച്ച ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച വാഹനത്തിന്റെ രേഖകളും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ അയല്‍വാസിയെ വാക്കത്തിക്ക് വെട്ടിപ്പരിക്കേല്‍പിച്ച കേസും ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.