നായ് വിൽപനയുടെ പേരിൽ 86,000 രൂപ തട്ടി; മൂന്ന് പേർക്ക് മൂന്ന് മാസം തടവ് ശിക്ഷ
text_fieldsദുബൈ: നായെ വിൽക്കാനുണ്ടെന്ന് കാണിച്ച് ഓൺലൈൻ ക്ലാസിഫൈഡ്സ് വെബ്സൈറ്റായ ഡുബിസ്ൽ വഴി തട്ടിപ്പ് നടത്തിയ മൂന്ന് പേർക്ക് തടവും പിഴയും. 'ഗോൾഡൻ റിട്രീവൽ' ഇനത്തിൽപെട്ട നായയെ വിൽക്കാനുണ്ടെന്ന് കാണിച്ചാണ് 4,000 ദിർഹം (86000 രൂപ) തട്ടിയത്. എന്നാൽ, പണം കൈപ്പറ്റിയ ശേഷം ഇവർ നായയെ കൈമാറാതെ മുങ്ങുകയായിരുന്നു. ഇവർക്ക് മൂന്ന് മാസം തടവ് വിധിച്ച കോടതി 4000 ദിർഹം തിരികെ നൽകണമെന്നും നിർദേശിച്ചു. ശിക്ഷക്ക് ശേഷം ഇവരെ നാടുകടത്തും.
ഡുബിസിലിലെ പരസ്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതിക്കാരൻ ഇവരുമായി വാട്സാപ്പ് വഴി ബന്ധപ്പെട്ടത്. നായയുടെ ചിത്രങ്ങളും വീഡിയോയും തട്ടിപ്പുകാർ അയച്ചുകൊടുക്കുകയും ചെയ്തു. 3,000 ദിർഹമായിരുന്നു വിലയിട്ടിരുന്നത്. വിലപേശലിനൊടുവിൽ 2,500 ദിർഹമിന് സമ്മതിച്ചു. മുൻകൂറായി 1,500 ദിർഹം അടക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ നൽകിയ അക്കൗണ്ടിലേക്ക് പണം അയച്ചു. അന്ന് തന്നെ നായയെ എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, തൊട്ടടുത്ത ദിവസം ഇവർ വീണ്ടും പണം ആവശ്യപ്പെട്ട് മറ്റൊരു അക്കൗണ്ട് നമ്പർ അയച്ചു. ഡെലിവറി ചെലവിന്‍റെ ഇൻഷ്വറൻസ് കവറേജിന്‍റെ ഭാഗമായി 8,000 ദിർഹം കൂടി അയക്കണമെന്നും ഡെലിവറിക്ക് ശേഷം ഈ തുക തിരികെ നൽകുമെന്നുമായിരുന്നു വാഗ്ദാനം. ഈ തുക തന്‍റെ കൈയിൽ ഇല്ലെന്നും 2,500 ദിർഹം കൂടി അയച്ചിട്ടുണ്ടെന്നും പറഞ്ഞു.
പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇയാൾ ബർദുബൈ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം രണ്ട് പേർ കുടുങ്ങി. 30 വയസുകാരനായ ഇന്ത്യക്കാരനും 32കാരനായ ഫിലിപ്പൈനിയുമാണ് അറസ്റ്റിലായത്. മൂന്നാമനായി കാമറൂൺ പൗരൻ (29) ഒളിവിലാണ്. ഇയാൾക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവർ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഇത്തരം വ്യാജ പരസ്യങ്ങൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.