കവർച്ച മുതൽ കൊലപാതകം വരെ: 25ഓളം കേസുകളിലെ പ്രതിയെ തമിഴ്നാട്ടിൽനിന്ന് പിടികൂടി
text_fieldsതാനൂർ (മലപ്പുറം) : കവർച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി 25ഓളം കേസുകളിലെ പ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ചപ്പാന്‍റകത്തു വീട്ടിൽ അലി അക്ബർ (38) ആണ് താനൂർ പൊലീസിന്‍റെ പിടിയിലായത്.
തമിഴ്‌നാട്ടിലെ ഊട്ടി മഞ്ചാകൗറയിലെ അണ്ണാ കോളനിയിൽനിന്നുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. 2011 നവംബറിൽ താനൂർ വട്ടത്താണിയിലെ മൊബൈൽ കടയുടെ ഷട്ടർ തകർത്ത് ഫോണുകളും കമ്പ്യൂട്ടറും റീചാർജ് കൂപ്പണുകളും 9500 രൂപയും മോഷ്ടിച്ചെന്ന പരാതിയിൽ താനൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അലി അക്ബറിനെ പിടികൂടിയത്.
പ്രതിയെ അന്വേഷിച്ച് താനൂർ പൊലീസ് കഴിഞ്ഞ സെപ്റ്റംബറിൽ കണ്ണൂരിലെ ചപ്പാരങ്കടവിൽ അന്വേഷണം നടത്തിയെങ്കിലും ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. ശേഷം മലപ്പുറം സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണസംഘം നിരവധി മൊബൈൽ നമ്പറുകൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലൂടെ പ്രതി ഊട്ടി ഭാഗത്ത് ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
ഇവിടെനിന്ന് സഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്, നീലേശ്വരം, കണ്ണൂർ ജില്ലയിലെ ആലക്കോട്, വയനാട് ജില്ലയിലെ മീനങ്ങാടി, മാനന്തവാടി, മലപ്പുറം ജില്ലയിലെ പൊന്നാനി, മഞ്ചേരി, പെരുമ്പാടപ്പ്, ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, പെരിങ്ങാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 25ഓളം കേസുകളുണ്ട്.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, സദാനന്ദ സ്വാമി സമാധിയായി അടക്കം ചെയ്തപ്പോൾ മൃതദേഹത്തിലെ ആഭരണങ്ങൾ കളവുചെയ്യാൻ ആനന്ദ ആശ്രമത്തിലെ കുഴിമാടം മാന്തിയ കേസ്, പൊന്നാനി കണ്ടനകം ബിവറേജ് ഷോപ്പ് പൊളിച്ചു മദ്യം മോഷ്ടിച്ച കേസ്, പെരിങ്ങാവിൽ ഒരു സ്ത്രീയുടെ കൊലപാതക കേസ് എന്നിവയിലെല്ലാം പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കടയുടെ ഷട്ടറുകൾ പൊളിക്കുന്നതിൽ വിദഗ്ധനായ പ്രതി പലസ്ഥലങ്ങളിലായി താമസിച്ച് മോഷണം നടത്തി വരികയായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ജീവൻ ജോർജ്, സബ് ഇൻസ്‌പെക്ടർ എൻ. ശ്രീജിത്ത്, സി.പി.ഒമാരായ സലേഷ്, സബറുദ്ദീൻ, വിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.