വാഹനങ്ങളിൽ ഇന്ധന ചോർച്ച; ദുരൂഹതയേറുന്നു
text_fieldsകോന്നി: കോന്നിയിൽ വാഹനങ്ങളിൽ ഉണ്ടാകുന്ന ഇന്ധനചോർച്ചയുടെ കാരണം കണ്ടെത്താൻ കഴിയാതെ വർക്ഷോപ് ജീവനക്കാരും മോട്ടോർ വാഹന വിദഗ്ധരും. പെട്രോൾ ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന പൈപ്പിലാണ് കൂടുതലും ചോർച്ച കണ്ടെത്തിയിട്ടുള്ളത്.
ഓടുന്ന വാഹനങ്ങളിൽനിന്ന് ഇന്ധനത്തിന്റെ ചോർച്ച ഉണ്ടാകുന്ന ഗന്ധം വരുമ്പോൾ മാത്രമാണ് ഈ കാര്യം ഡ്രൈവർമാർ അറിയുന്നത്. അപ്പോഴേക്കും പകുതിയിൽ അധികം ഇന്ധനം നഷ്ടപ്പെട്ടിട്ടുണ്ടാകും.
ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ ഇന്ധനചോർച്ച അപകടങ്ങൾക്കും കാരണമായി തീരാറുണ്ട്. ടാങ്കിൽനിന്ന് എൻജിനിലേക്ക് പോകുന്ന പൈപ്പിൽ ചെറിയ സുഷിരങ്ങൾ വീണാണ് ഇന്ധനം നഷ്ടപ്പെടുന്നതായി ഇതുവരെയുള്ള സംഭവങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ചെറിയ തുള്ളികളായി പെട്രോൾ നഷ്ടപ്പെടുന്നതിനാൽ പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല. മഴക്കാലമാണെങ്കിൽ പലപ്പോഴും ഇത് അറിയുക പോലുമില്ല. മാസങ്ങളായി കണ്ടുവരുന്ന ഈ പ്രശ്നത്തെ തുടർന്ന് കോന്നിയിലെ വർക്ഷോപ്പുകളിൽ നിരവധി വാഹനങ്ങളാണ് അറ്റകുറ്റപ്പണി നടത്താൻ കയറ്റിയിരിക്കുന്നത്.
വാഹനത്തിന് ഇത്തരം തകരാർ സംഭവിച്ചാൽ ഈ പൈപ്പ് മാറ്റി പുതിയവ സ്ഥാപിക്കുക എന്നത് മാത്രമാണ് ഏകമാർഗം. ചില വാഹനങ്ങളിൽ പൈപ്പിൽ സുഷിരങ്ങൾ കണ്ട ഭാഗത്ത് വണ്ട് പോലെയുള്ള ചെറിയ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവയാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. റാന്നി, പത്തനംതിട്ട ഭാഗങ്ങളിലെ വർക്ഷോപ്പുകളിലും സമാനസംഭവങ്ങളിൽ വാഹനങ്ങൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.