മർദിച്ച് പണം തട്ടിപ്പറിക്കുന്ന സംഘം പിടിയിൽ; നിരവധി കേസുകളിൽ പ്രതികളാണിവർ
text_fieldsആലത്തൂർ: പഴയ വാഹനങ്ങൾ വിൽപനക്ക് മൊബൈൽ ആപ്പിലൂടെ പരസ്യം നൽകി ആവശ്യപ്പെട്ടു വരുന്നവരെ മർദിച്ച് പണം തട്ടിപ്പറിക്കുന്ന സംഘം ആലത്തൂർ പൊലീസിന്റെ പിടിയിലായി. സെപ്റ്റംബർ 25ന് ചിറ്റിലഞ്ചേരി കടമ്പിടി ഗോമതിയിൽ വാഹനം വാങ്ങാനെത്തിയ മൂവാറ്റുപുഴ സ്വദേശി റിയാസ് എന്നയാളെ മർദിച്ച് 21,000 രൂപ തട്ടിയെടുത്ത കേസിലാണ് സംഘം പിടിയിലായത്. കൊല്ലം ആര്യങ്കാവ് ഇടപാളയം സ്വദേശി മുഹമ്മദ് റാഫി (25), മേലാർക്കോട് പയറ്റാംകുന്ന് സ്വദേശി രാജേഷ് (28), തൃശൂർ ആളൂർ കോമ്പിടിത്തമ്മക്കൽ സ്വദേശി അനുകൂട്ടൻ (35), കയറ്റാടി പുളിപറമ്പിൽ റഷീദ് (35), വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി വിപിൻ ബാബു (35) എന്നിവരാണ് പിടിയിലായത്.
സംഭവശേഷം കാർ വാടകക്ക് എടുത്ത് ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇവരെ ഗുരുവായൂരിൽനിന്നാണ് പിടികൂടിയതെന്നും വിവിധ ജില്ലകളിലായി അമ്പതോളം കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ നിയോഗിച്ച ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ എം.ആർ. അരുൺകുമാർ, എ.എസ്.ഐ താജുദ്ദീൻ, സീനിയർ സി.പി.ഒമാരായ വത്സൻ, വി. ജയൻ, കെ. ഷാജഹാൻ, സി.പി.ഒമാരായ ദീപക്, കെ. സനു, ആർ. പ്രഭാകരൻ, കെ. രാജീവ്, ആർ. സുഭാഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.