മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ സംഘം പിടിയിൽ
text_fieldsആലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ സംഘം പൊലീസ് പിടിയിൽ. ചങ്ങനാശ്ശേരി മുനിസിപ്പൽ 18ാം വാർഡിൽ കിഴക്കും ഭാഗത്ത് പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ദിൽജിത് (26), ഇടുക്കി പീരുമേട് ഗസ്റ്റ്ഹൗസ് ക്വാർട്ടേഴ്സിൽ രതീഷ് (28) എന്നിവരെയാണ് എടത്വ പൊലീസ് പിടികൂടിയത്.
രണ്ട് ദിവസം മുമ്പ് തലവടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വളകൾ പണയപ്പെടുത്തി 29,500 രൂപ ഇവർ കൈപ്പറ്റിയിരുന്നു. ഇവർ പോയ ശേഷം പണയപ്പെടുത്തിയ പണ്ടത്തിന്റെ രസീത് ഓഫിസിൽനിന്ന് കിട്ടിയതോടെ സ്ഥാപന ഉടമകൾക്ക് സംശയം തോന്നി പണയ ഉരുപ്പടി കൂടുതൽ പരിശോധിച്ചതിനെ തുടർന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.
പരാതിപ്പെട്ടതിനെ തുടർന്ന് എടത്വ പൊലീസ് സി.സി ടി.വി ദൃശ്യം പരിശോധിച്ച് രഹസ്യമായി നടത്തിയ നീക്കത്തിൽ ദിൽജിത്തിനെ കോട്ടയത്തുനിന്നും രതീഷിനെ ചങ്ങനാശ്ശേരിയിൽനിന്നും പിടികൂടുകയായിരുന്നു.എളുപ്പത്തിൽ തട്ടിപ്പ് കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് ഉരുപ്പടികളുടെ നിർമാണമെന്ന് പൊലീസ് പറഞ്ഞു.
സമാനരീതിയിൽ പലയിടത്തും ഇത്തരത്തിൽ തട്ടിപ്പ് നടത്തി വൻതുക ഇവർ കൈപ്പറ്റിയിട്ടുണ്ടെന്നും കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. എടത്വ സി.ഐ ആനന്ദബാബു, എസ്.ഐ സജികുമാർ, എ.എസ്.ഐ സജികുമാർ, സീനിയർ സി.പി.ഒ സുനിൽ, സി.പി.ഒമാരായ വിനു കൃഷ്ണൻ, സഫീർ, കണ്ണൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.