അത്യാധുനിക ആയുധങ്ങളുമായി ഗുണ്ടാ നേതാവും കൂട്ടാളിയും കസ്റ്റഡിയിൽ
text_fieldsകൊച്ചി: ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ട്വേഷൻ ഗുണ്ടാ നേതാവും കൂട്ടാളിയും പിടിയിൽ. കൊച്ചി ഞാറക്കൽ, കൊല്ലവേലിയ കത്ത് വീട്ടിൽ വൈപ്പിൻ ലിബിൻ (ജീംബ്രൂട്ടൻ) (27) കൊച്ചി നായരമ്പലം , കിടുങ്ങാശ്ശേരിക്കര, കൊല്ലവേലിയ കത്ത് വീട്ടിൽ ക്രിസ്റ്റഫർ റൂഫസ് (ഡാർക്ക് അങ്കിൾ) (32) എന്നിവരെയാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമ്മീഷണറുടെ സ്പെഷ്യൽ അക്ഷൻ ടീമിന്റെയും എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും ഞാറയ്ക്കൽ പോലീസിന്റെയും ഞാറയ്ക്കൽ എക്സൈസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ കൈവശത്ത് നിന്ന് ഫുൾ ലോഡ് ചെയ്ത ഒരു കൈത്തോക്ക്, മൂന്ന് ഗ്രാം എം.ഡി.എം.എ, രണ്ട് ഗ്രാം ചരസ് എന്നിവ കണ്ടെടുത്തു.
സംഘത്തിലെ പ്രധാനി ആശാൻ സാബു എന്ന ശ്യാമിനെ നേരത്തെ തന്നെ എക്സൈസ് സ്പെഷ്യൽ അക്ഷൻ ടീം മയക്ക് മരുന്നുമായി പിടികൂടിയിരുന്നു. ഇയാൾ റിമാന്റിൽ കഴിഞ്ഞ് വരവെയാണ് സംഘത്തലവൻ എക്സൈസിന്റെ പിടിയിൽ ആകുന്നത്. വൈപ്പിൻ ലിബിന്റെ സംഘത്തിൽപ്പെട്ടവർ ആണ് ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ രാസലഹരി കൊച്ചിയിലേക്ക് കടത്തികൊണ്ട് വന്നിരുന്നത്. മയക്ക് മരുന്ന് കടത്ത് കൂടുതൽ സുഗമമാക്കുന്നതിന് ഇയാളുടെ സംഘത്തിൽ പെട്ടവർ ബാംഗ്ലൂരിൽ റൂമെടുത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലിബിന്റെ നിർദേശം ലഭിച്ചാൽ ലഭിച്ചാൽ ഉടൻ ബാംഗ്ലൂരുള്ള സംഘാഗംങ്ങൾ മയക്ക് മരുന്ന് വാങ്ങി സ്റ്റോക്ക് ചെയ്ത് വയ്ക്കുകയും, കൊച്ചിയിൽ നിന്ന് ബാംഗ്ലൂരെത്തുന്ന ഇയാളുടെ സംഘത്തിൽപ്പെട്ടവർക്ക് എളുപ്പത്തിൽ കൈമാറുകയും ചെയ്യുന്നതായിരുന്നു രീതി.
ക്വട്ടേഷൻ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യത ഉണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ലിബിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂർച്ചയേറിയ രണ്ട് വടിവാൾ കണ്ടെടുക്കുകയും ഞാറയ്ക്കൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ജ്യാമ്യത്തിൽ ഇറങ്ങിയ ലിബിൻ വീണ്ടും എതിർ ടീമുമായി ഏറ്റുമുട്ടുകയും ഇയാളുടെ കൈപ്പത്തിക്ക് വെട്ടേറ്റ് ഒളിവിൽ കഴിഞ്ഞ് വരുകയുമായിരുന്നു. മാരകായുധങ്ങൾ കൈവശം വച്ച് സൂക്ഷിക്കുന്ന ഇയാളെ ഞാറയ്ക്കൽ പോലീസും തിരയുകയായിരുന്നതിനാൽ ഞാറയ്ക്കൽ പോലീസ് ഇൻസ്പെക്ടർ രാജൻ. കെ. അരമനയുടെ മേൽ നോട്ടത്തിലുള്ള പോലീസ് സംഘവും കൂടി ചേർന്ന് ഇയാൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്തെത്തി അർദ്ദരാത്രിയോടുകൂടെ വളയുകയായിരുന്നു. ഈ സമയം വധശ്രമക്കേസിൽ പോലിസ് തിരയുന്ന ഇയാളുടെ ബന്ധു ‘ഡാർക്ക് അങ്കിൾ’ എന്ന ക്രിസ്റ്റഫർ റൂഫസ് ഇയാളോടൊപ്പം ഉണ്ടായിരുന്നു. ഇയാൾ കുതറിയോടാൻ ശ്രമിച്ചെങ്കിലും പോലീസ്-എക്സൈസ് സഖ്യം പിടികൂടി.
കസ്റ്റഡിയിൽ എടുത്ത ഇവർ ഇരുവരേയും ഞാറയ്ക്കൽ എക്സൈസിന് കൈമാറി. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വൈപ്പിൻ ലിബിൻ പിടിയിലായതോടുകൂടി ഇയാളുടെ സംഘാഗങ്ങൾ ഒളിവിൽ ആണ്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ. മനോജ് കുമാർ, ഇൻസ്പെക്ടർ എം.ഒ. വിനോദ്, പോലീസ് എസ് ഐ അഖിൽ വിജയകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ എസ്. ജയകുമാർ , സിറ്റി മെട്രോ ഷാഡോ സിഇഒ എൻ.ഡി. ടോമി, സ്പെഷ്യൽ സ്ക്വാഡ് സി.ഇ.ഒ ജെയിംസ് ടി.പി, ഞാറയ്ക്കൽ പോലീസ് സിപിഒ വിനേഷ് വി.വി, ഞാറയ്ക്കൽ എക്സൈസ് സിഇഒ കെ.വി.വിപിൻദാസ് , കെ.കെ. വിജു, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.