നടുറോഡിൽ ഏറ്റുമുട്ടി ഗുണ്ടാസംഘങ്ങൾ; മാരകായുധങ്ങളുമായി അഞ്ചു പേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ പൊടിയാടിയിൽ നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാ സംഘങ്ങളിലെ അഞ്ചു പേർ മാരകായുധങ്ങളുമായി പൊലീസിന്‍റെ പിടിയിലായി. ചാത്തങ്കരി മണലിൽ തെക്കേതിൽ വീട്ടിൽ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തിൽ എം.ആർ രാജീവ് (25), പെരിങ്ങര വാലുപറമ്പിൽ വീട്ടിൽ സുമിത് (25), പൊടിയാടി കല്ലുങ്കൽ മുണ്ടു ചിറയിൽ വീട്ടിൽ ഗോകുൽ ഗോപൻ (25), മണിപ്പുഴ പൂത്തറയിൽ വീട്ടിൽ അനന്ദു (22) എന്നിവരാണ് പുളിക്കീഴ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്നും വടിവാൾ അടക്കമുളള മാരകായുധങ്ങൾ പിടികൂടി.
ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി നടുറോഡിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ പി.കെ. കവിരാജ്, അഡീ. എസ്.ഐ സാജു പി. വർഗീസ്, സി.പി.ഒമാരായ അഖിലേഷ്, പ്യാരിലാൽ, അനിൽ എന്നിവരടങ്ങുന്ന സംഘം സുമിത്, ഗോകുൽ, അനന്തു എന്നിവരെ സംഭവ സ്ഥലത്ത് നിന്നും പിടികൂടി.
പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട വികാസ് ബാബുവിനെയും രാജീവിനെയും ഇന്ന് രാവിലെയാണ് പിടികൂടിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പ്രതികൾ തമ്മിലുള്ള തർക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരിൽ അനന്തുവിനെതിരെ പുളിക്കീഴ് സ്റ്റേഷനിലടക്കം മൂന്ന് ക്രിമിനൽ കേസുകളും വികാസ് ബാബുവിനെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്. പ്രതികളുടെ കഞ്ചാവ് മാഫിയയുമായുള്ള ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.ഐ കവിരാജ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.