ജയിലിലും ഗുണ്ടാപ്പക: സുരക്ഷ ശക്തമാക്കാൻ നിർദേശം
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഗുണ്ടകളുടെ ഏറ്റുമുട്ടൽ തുടർക്കഥയായി. കഴിഞ്ഞ ദിവസം കാപ്പ നിയമം ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ച അന്തിക്കാട് സ്വദേശിയായ ഗുണ്ടാത്തലവൻ സിയാദിനു (32) നേരെ മറ്റൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒമ്പതുപേർക്കെതിരെ വിയ്യൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ച ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും തിരുവനന്തപുരത്തെ ഗുണ്ട നേതാവ് കാട്ടുമണി രഞ്ജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയും ജയിൽ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് അന്തിക്കാട് സ്വദേശിക്ക് നേരെയും ആക്രമണമുണ്ടായത്.
കവർച്ചയും വധശ്രമവും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് സിയാദ്. അന്തിക്കാട് മുറ്റിച്ചൂർ പടിയം പള്ളിയിൽ സനൽ (25), താന്ന്യം തെക്കൂട്ട് ശ്രീരാഗ് (33) എന്നിവർക്ക് സിയാദുമായുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. അന്തിക്കാട്ടെ ചില പ്രശ്നങ്ങളാണ് മുൻവൈരാഗ്യത്തിന് കാരണം. ജയിലിൽ വെച്ച് കൂടെ ചേർത്തവരാണ് മറ്റു പ്രതികൾ. സനൽ, ശ്രീരാഗ് എന്നിവരെ കൂടാതെ ദേവികുളം പുളിക്കരവയൽ ആനക്കൽപെട്ടി സൂര്യ (26), കോട്ടയം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ (26), എറണാകുളം മുളന്തുരുത്തി ഇല്ലത്തുപറമ്പിൽ കാർത്തിക് (30), കണ്ണൂർ വാരണശേരി കോരത്ത് അതുൽ ജോൺ (28), കൊല്ലം തട്ടാൻമല മാഹിൻ (22), കണ്ണൂർ അണ്ടത്തോട് ശബന്നൂരിൽ മുഹമ്മദ് റീസ (26), കണ്ണൂർ ചാല അലിയാസിൽ സാദ് അഷ്റഫ് (27) എന്നിവർക്കെതിരെയുമാണ് വിയ്യൂർ പൊലീസ് കേസെടുത്തത്.
കാപ്പ വെരിഫിക്കേഷനായി ജയിലിന്റെ ഇന്നർ ഗേറ്റിന് സമീപം തനിച്ചെത്തിയപ്പോഴാണ് സനലിന്റെയും ശ്രീരാഗിന്റെയും നേതൃത്വത്തിൽ ആക്രമിച്ചത്. സിയാദിനെ അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടിയ ശേഷം കല്ലും വടിയും ഉപയോഗിച്ച് തലക്കടിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണം കണ്ട് ജയിൽ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാറ്റിനിർത്തി. കൂടുതൽ പേരെത്തിയാണ് സിയാദിനെ രക്ഷിച്ചത്. ഇവർ തമ്മിൽ വീണ്ടും സംഘർഷ സാധ്യതയുണ്ടെന്ന് ജയിലധികൃതർ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടി സുനിയും കാട്ടുമണി രഞ്ജിത്തും അടങ്ങുന്ന 10 തടവുകാരെ സംഘർഷത്തിന് പിന്നാലെ ജയിൽ മാറ്റിയിരുന്നു.
എന്നാൽ, തടവുകാർ തമ്മിലെ ഏറ്റുമുട്ടലിന് കുറവൊന്നുമില്ല. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് സുരക്ഷ ശക്തമാക്കാൻ ജയിൽ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ കോടതിക്ക് റിപ്പോർട്ട് നൽകിയ ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.