കഞ്ചാവ് മൊത്തക്കച്ചവടം: മൂന്നാം പ്രതി പിടിയിൽ
text_fieldsപാലക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപനക്കായി എത്തിച്ചുകൊടുത്തിരുന്ന യുവാവ് പിടിയിൽ. പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് ജിതിനെയാണ് (19) കസബ പൊലീസ് പിടികൂടിയത്. വധശ്രമ കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ജിതിൻ കഴിഞ്ഞ ഒക്ടോബർ 13നാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ചന്ദ്രനഗർ കൂട്ടുപാതയിൽനിന്ന് നാലുകിലോ കഞ്ചാവുമായി കല്ലേപ്പുള്ളി തെക്കുമുറി സ്വദേശികളായ സനോജ് (26), അജിത് (25) എന്നിവർ പിടിയിലായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം പ്രതി ജിതിനെ അറസ്റ്റ് ചെയ്തത്. ആന്ധ്ര പ്രദേശിൽനിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി വിൽപന നടത്തുന്നവരാണ് ഇവർ. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐമാരായ എസ്. അനീഷ്, ജഗ്മോഹൻ ദത്ത, എ.എസ്.ഐമാരായ ഷാഹുൽ ഹമീദ്, രമേഷ്, എസ്.സി.പി.ഒമാരായ ആർ. രാജീദ്, മാർട്ടിൻ, സി.പി.ഒ ജയപ്രകാശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.