അന്ന് ലക്ഷ്മി, ഇപ്പോൾ നിധിന; പ്രണയത്തീയിൽ എരിഞ്ഞ പെൺകുട്ടികൾ
text_fieldsകോട്ടയം: പാലാ സെൻറ് തോമസ് കോളജിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിധിന കോളജ് കാമ്പസിലെ പ്രണയപ്പകയുടെ രണ്ടാമത്തെ ഇര. നാലുവർഷം മുമ്പും പ്രണയത്തിെൻറ പേരിൽ ജീവനെടുത്ത വാർത്ത കേട്ട് നാട് നടുങ്ങിയിരുന്നു. 2017 ഫെബ്രുവരിയിലാണ് ഗാന്ധിനഗറിലെ എസ്.എം.ഇ (സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ) കാമ്പസ് ഈ ദുരന്തത്തിന് സാക്ഷിയായത്.
ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ (21) കോളജിലെ പൂർവവിദ്യാർഥിയും നീണ്ടകര സ്വദേശിയുമായ ആദർശ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദർശ് ഇതിനൊപ്പം ജീവനൊടുക്കി. ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി നാലാം വർഷ വിദ്യാർഥിനിയായിരുന്നു ലക്ഷ്മി. ആദർശ് 2013ൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും മുഴുവൻ പേപ്പറും പാസായിരുന്നില്ല. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നു.
എന്നാൽ, ആദർശിെൻറ സ്വഭാവം ഇഷ്ടപ്പെടാതിരുന്ന ലക്ഷ്മി മെല്ലെ ബന്ധത്തിൽനിന്ന് പിൻവാങ്ങി. ഇതാണ് ആദർശിനെ ചൊടിപ്പിച്ചത്. സംഭവം നടക്കുന്നതിെൻറ തലേദിവസം സപ്ലിമെൻററി പരീക്ഷക്കായാണ് ആദർശ് കാമ്പസിലെത്തിയത്. പിറ്റേന്ന് രാവിലെ ക്ലാസിലെത്തി ലക്ഷ്മിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ലക്ഷ്മി തയാറായില്ല. മടങ്ങിപ്പോയ ആദർശ് ഉച്ചക്ക് ഒന്നോടെ തോളിൽ ബാഗുമായി തിരികെയെത്തി.
ക്ലാസ് മുറിയിൽ കയറി ബാഗിൽനിന്ന് പെട്രോളെടുത്ത് ലക്ഷ്മിയുടെ ദേഹത്ത് ഒഴിച്ചു. ഭയന്ന ലക്ഷ്മിയും കൂട്ടുകാരും ക്ലാസിന് പുറത്തേക്ക് ഓടി. 20 മീറ്റർ മാത്രം അപ്പുറത്തുള്ള ലൈബ്രറിയിലേക്കാണ് ലക്ഷ്മി ഓടിക്കയറിയത്. എന്നാൽ, പിറകെയെത്തിയ ആദർശ്, മറ്റുള്ളവർ തടുക്കുന്നതിനുമുമ്പ് ലക്ഷ്മിയെ പിടിച്ചുനിർത്തി സിഗററ്റ് ലൈറ്റർകൊണ്ട് തീ കൊളുത്തി. ആളിക്കത്തിയതോടെ ആദർശ് ലക്ഷ്മിയെ ചേർത്തുപിടിച്ചു. പ്രാണരക്ഷാർഥം പെൺകുട്ടി ലൈബ്രറിയിൽനിന്ന് ഇറങ്ങിയോടി.
രക്ഷിക്കണമെന്ന് നിലവിളിച്ച് വരാന്തയിൽ വീണുകിടന്ന് ഉരുണ്ടു. അധ്യാപകരും സഹപാഠികളും വെള്ളമൊഴിച്ചു തീയണക്കാൻ ശ്രമിച്ചു. തുടർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ലക്ഷ്മിക്ക് 60 ശതമാനവും ആദർശിന് 75 ശതമാനവും പൊള്ളലേറ്റു. ആശുപത്രിയിലാണ് ഇരുവരും മരിച്ചത്. ചുങ്കം വാരിശ്ശേരിയിലെ െപട്രോൾ പമ്പിൽനിന്ന് െപട്രോൾ വാങ്ങിയാണ് ആദർശ് കോളജിലെത്തിയതെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
- 2017 ഫെബ്രുവരി രണ്ട്: കോട്ടയം എസ്.എം.ഇ കോളജിൽ ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ (21) പൂർവവിദ്യാർഥി ആദർശ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. ആദർശ് കൂടെ ആത്മഹത്യ ചെയ്തു.
- 2019 മാർച്ച് 12: തിരുവല്ല അയിരൂർ സ്വദേശി കവിത വിജയകുമാറിനെ കോളജിലേക്ക് പോകുന്ന വഴി അജിൻ റെജി മാത്യൂസ് (18 ) വഴിയിൽ തടഞ്ഞുനിർത്തി കുത്തിപ്പരിക്കേൽപിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു.
- 2019 ഏപ്രിൽ നാല്: തൃശൂർ ചിയ്യാരത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥിനി നീതുവിനെ (22) വടക്കേക്കാട് സ്വദേശി നിധീഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു. മാരകമായി കുത്തിപ്പരിക്കേൽപിച്ച ശേഷമാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്.
- 2019 ജൂലൈ 14: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ശാരികയെ (17) അകന്നബന്ധു സജിൽ (20) വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു.
- 2019 ഒക്ടോബർ 10: കാക്കനാട് പ്ലസ് ടു വിദ്യാർഥിനി ദേവികയെ (17) അർധരാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി പറവൂർ സ്വദേശി മിഥുൻ (26) പെട്രോൾ ഒഴിച്ച് കത്തിച്ചു. സ്വയം തീകൊളുത്തി മിഥുൻ ആത്മഹത്യ ചെയ്തു.
- 2021 ജൂൺ 17: പെരിന്തല്മണ്ണ ഏലംകുളം കൂഴന്തറയിലെ 21കാരി ദൃശ്യയെ പ്രണയം നിരസിച്ചതിലെ വിരോധത്തിൽ യുവാവ് വീട്ടിലെത്തി കുത്തി കൊലപ്പെടുത്തി. സഹപാഠി മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പില് വിനീഷ് (21) ആണ് പ്രതി. ദൃശ്യയുടെ പിതാവിെൻറ വ്യാപാരസ്ഥാപനം തീയിട്ട് നശിപ്പിച്ച ശേഷമാണ് കൃത്യം നിർവഹിച്ചത്. പ്രതി വീട്ടിലെത്തി രാവിലെ 8.15 ഓടെ കിടപ്പു മുറിയിൽ ഇട്ട് ദൃശ്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
- 2021 ജൂലൈ 30: കോതമംഗലത്ത് ഇന്ദിരാ ഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനി കണ്ണൂർ സ്വദേശിനി മാനസയെ (24) സുഹൃത്ത് രഖിൽ വെടിവെച്ചുകൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.