16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും അറസ്റ്റിൽ
text_fieldsചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവവും ഭാര്യയും അറസ്റ്റിൽ. പെൺകുട്ടിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നഗരത്തിൽ ഷിർദിപുരം സർവ ശക്തി പീഠം സായി ബാബ കോവിൽ നടത്തുന്ന സത്യനാരായണൻ, ഭാര്യ പുഷ്പലത എന്നിവരാണ് അറസ്റ്റിലായത്.
നാലുവർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. 2016ൽ 16കാരിയായ പെൺകുട്ടിയെ ഭാര്യയുടെ സഹായത്തോടെ സത്യനാരായണൻ ബലാത്സംഗം ചെയ്യുകയായിരുന്നു.
'12ാം ക്ലാസിൽ പഠിക്കുേമ്പാൾ മുത്തശ്ശിയുടെ വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. പതിവുപോലെ 2016 ഏപ്രിൽ 12നും ഞങ്ങൾ ക്ഷേത്രത്തിൽ പോയി. ഭസ്മം വാങ്ങാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിലെത്തിയപ്പോൾ പുഷ്പലത എനിക്ക് ജ്യൂസ് കഴിക്കാൻ തന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോൾ നഗ്നയായി ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു' -പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സമീപത്ത് സത്യനാരായണനും ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു.
ബലാത്സംഗത്തിന് ശേഷം നഗ്നചിത്രം കാണിച്ച് ആരോടും പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പിന്നീട് പെൺകുട്ടിയും കുടുംബവും സ്ഥലം മാറി പോകുകയും 2018ൽ വിവാഹം കഴിക്കുകയും ചെയ്തു.
2020 മാർച്ചിൽ പെൺകുട്ടിയുടെ ഭർത്താവ് വിദേശത്ത് ജോലിക്കായി പോയതോടെ സത്യനാരായണൻ വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഭർത്താവ് വിദേശത്ത് പോയതോടെ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഭർത്താവിന് നഗ്ന ചിത്രങ്ങൾ അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. തുടർന്ന് നിരവധി തവണ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.
2020 ജൂലൈയിൽ പെൺകുട്ടി ഗർഭിണിയായി. ഇതോടെ സത്യനാരായണനും ഭാര്യയും ഗർഭഛിദ്രത്തിന് പെൺകുട്ടിയെ നിർബന്ധിച്ചു. അതിനിടെ പെൺകുട്ടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഇൗ വർഷം ജനുവരിയിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി.
പെൺകുട്ടിയുടെ ഭർത്താവ് വിദേശത്തുനിന്നെത്തുകയും നവംബറിൽ വിദേശത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വീണ്ടും പെൺകുട്ടിയെ സത്യനാരായണൻ കാണാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്താൻ ആരംഭിക്കുകയും ചെയ്തു. നഗ്നചിത്രങ്ങൾ ഭർത്താവിന് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. ഇതോടെ പെൺകുട്ടി ഭർത്താവിനെ വിവരം അറിയിക്കുകയും നഗരത്തിലെ വനിത െപാലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി സത്യനാരായണനെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.