111 വർഷം പഴക്കമുള്ള സ്വർണനാണയം വിൽപനക്കെന്ന പേരിൽ തട്ടിപ്പിന് ശ്രമം
text_fieldsതിരൂർ: 111 വർഷം പഴക്കമുള്ള സ്വർണനാണയം കച്ചവടം ചെയ്യാനെന്ന പേരിൽ തിരൂർ സ്വദേശിയെ തട്ടിപ്പിനിരയാക്കാൻ ശ്രമം. തിരൂർ സ്വദേശിയായ ഷാഫിയെയാണ് ഫോൺ വിളിച്ച് കബളിപ്പിക്കാൻ ശ്രമിച്ചത്.
സ്ഥലം കുഴിച്ചപ്പോൾ പുരാതനമായ ഒരുകുടുക്ക കണ്ടെടുത്തെന്നും അതിൽ മൂന്നര കിലോയോളം സ്വർണനാണയങ്ങൾ ലഭിച്ചെന്നുമാണ് വിൽപനക്കാരൻ ഫോണിലൂടെ അറിയിച്ചത്.
ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ കാണിച്ചുകൊടുത്തു. എന്നാൽ, നാണയങ്ങളുടെ ഫോട്ടോ കാണുമ്പോൾ പുതുപുത്തൻ സ്വർണത്തിന്റെ തിളക്കമാണുള്ളത്. 111 വർഷം പഴക്കം തോന്നുന്നില്ലെന്നും ഷാഫി പറയുന്നു. സ്വന്തം വിവരങ്ങൾ കൈമാറാനും വിൽപനക്കാരൻ തയാറായിരുന്നില്ല. 18ാം തീയതിയാണ് തിരൂർ ബി.പി അങ്ങാടി സ്വദേശി ഷാഫിക്ക് കാൾ വരുന്നത്. കർണാടകയിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുന്ന മലയാളിയാണ് വിളിച്ചത്.
കർണാടക സർക്കാർ ഓരോ വ്യക്തികൾക്കും നൽകിയ മിച്ചഭൂമി കുഴിച്ചപ്പോൾ പുരാതനമായ കുടുക്ക കണ്ടെത്തുകയും അതിൽനിന്ന് മൂന്നര കിലോയോളം വരുന്ന സ്വർണനാണയം കിട്ടിയെന്നുമാണ് പറഞ്ഞത്.
കർണാടകയിൽ തനിക്ക് പരിചയമുള്ള ഒരുവ്യക്തിയുടെ സ്ഥലത്തുനിന്നാണ് നാണയങ്ങൾ ലഭിച്ചതെന്നും ഇവിടെ വന്ന് നാണയം കൈപ്പറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, വിളിക്കുന്നതാരാണെന്നോ പേരോ സ്ഥലമോ ഒന്നും പറയാൻ ഇയാൾ തയാറായില്ല.
സ്റ്റീൽ ഉപകരണങ്ങളുടെ കട നടത്തുന്ന ഷാഫിയുടെ വിസിറ്റിങ് കാർഡ് എങ്ങനെയോ ലഭിച്ച തട്ടിപ്പുവീരൻ സുഹൃത്താണെന്ന് പറഞ്ഞായിരുന്നു സംസാരിച്ചത്. സംസാരിച്ചുതുടങ്ങിയപ്പോൾതന്നെ തട്ടിപ്പ് മനസ്സിലാക്കിയ ഷാഫി തിരൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.