മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: രണ്ടുപേർ പിടിയിൽ
text_fieldsകൂത്തുപറമ്പ്: സ്വർണം പൂശിയ മുക്കുപണ്ടം ബാങ്കുകളിൽ പണയം വെച്ച് കോടികൾ തട്ടിയ സംഭവത്തിൽ രണ്ടു പേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30), പാറാലിലെ പടിഞ്ഞാറന്‍റവിട പി. ശോഭന (50) എന്നിവരെയാണ് കൂത്തുപറമ്പ് സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി രണ്ടു കോടിയോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം.
നരവൂർ സ്വദേശിയും പറമ്പായിൽ വാടക വീട്ടിൽ താമസക്കാരനുമായ അഫ്സലാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. സഹകരണ സ്ഥാപനത്തിൽ കലക്ഷൻ ഏജന്റായി പ്രവർത്തിച്ചുവന്നിരുന്ന ശോഭനയെ തെറ്റിദ്ധരിപ്പിച്ച് പണയം വെപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്.
സ്വർണം പൂശിയ മുക്കു പണ്ടം പണയം വെച്ചാണ് തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി, കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയത്. മറ്റ് ബാങ്കുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരുകയാണ്.
ബുധനാഴ്ച പുലർച്ചയോടെയാണ് അഫ്സലിനെ വയനാട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടുമ്പോൾ ഇയാളുടെ ബാഗിൽ നിന്നും ഏതാനും വ്യാജ സ്വർണാഭരണങ്ങളും പല ആളുകളുടെ പേരിലുള്ള റസീപ്റ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.