കരിപ്പൂരില്‍ സ്വര്‍ണമിശ്രിതം പിടികൂടി
text_fieldsകൊണ്ടോട്ടി: കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന് കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് പൊലീസിന്റെ പിടിയിലായി. കുഴിമണ്ണ കുഴിയംപറമ്പ് വെളുക്കാട്ടുകുണ്ടില് പി. മുസ്തഫയാണ് (45) പിടിയിലായത്. ഇയാളുടെ ശരീരത്തിനകത്ത് ഒളിപ്പിച്ച 992 ഗ്രാം മിശ്രിതരൂപത്തിലെ സ്വർണം കണ്ടെടുത്തു. ജിദ്ദയില്‍നിന്ന് എത്തിയ മുസ്തഫ കസ്റ്റംസ് പരിശോധനക്ക് ശേഷം വിമാനത്താവളത്തിനു പുറത്തെത്തിയതായിരുന്നു.
സംശയത്തിന്റെ പേരില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത് പുറത്തായത്. ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയില്‍ വയറ്റിൽ മിശ്രിതരൂപത്തില്‍ കടത്തിക്കൊണ്ടുവന്ന നാല് കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. കേസിന്റെ തുടരന്വേഷണത്തിന് പ്രതിയെ എയര്‍ കസ്റ്റംസിന് കൈമാറും.
ഇയാളെ സ്വർണമേല്പിച്ചവരെ കുറിച്ചും സ്വർണം ഏറ്റുവാങ്ങാൻ കരിപ്പൂരിലെത്തിയവരെ കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിനുപുറത്ത് എയ്ഡ് പോസ്റ്റ് കാര്യക്ഷമമാക്കിയതോടെയാണ് കസ്റ്റംസിനെ വെട്ടിച്ച് കടത്തുന്ന സ്വർണം പൊലീസ് വ്യാപകമായി പിടികൂടുന്നത്. യാത്രക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘംതന്നെ കരിപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.