സ്വർണക്കവർച്ച; മുഖ്യ പ്രതിയടക്കം അഞ്ചുപേർ പിടിയിൽ
text_fieldsഒല്ലൂർ: പീച്ചി കല്ലിടുക്കിൽ കാർ തടഞ്ഞ് രണ്ടര കിലോ സ്വർണം തട്ടിയ സംഭവത്തിൽ മുഖ്യ പ്രതിയടക്കം അഞ്ചുപേർ പൊലീസ് പിടിയിലായി. മുഖ്യപ്രതി പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്ടിൽ റോഷൻ വർഗീസ് (29), തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ വീട്ടിൽ ഷിജോ വർഗീസ് (23), തൃശൂർ എസ്.എൻ പുരം പള്ളിനട ഊളക്കൽ വീട്ടിൽ സിദ്ദിഖ് (26), തൃശൂർ നെല്ലായി കൊളത്തൂർ തൈവളപ്പിൽ വീട്ടിൽ നിശാന്ത് (24), തൃശൂർ കൈപ്പമംഗലം മൂന്നുപീടിക അടിപറമ്പിൽ വീട്ടിൽ നിഖിൽ നാഥ് (36) എന്നിവരെയാണ് മണ്ണുത്തി, പീച്ചി, വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണസംഘം സാഗോക്ക് സ്ക്വാഡിന്റെ സഹായത്തോടെ പിടികൂടിയത്.
സിദ്ദിഖ്, നിശാന്ത്, നിഖിൽ നാഥ് എന്നിവരെ 27ന് പുലർച്ച 3.30ഓടെ കുതിരാനിൽ നിന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ തിരുവല്ലയിൽനിന്നാണ് ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ പിടികൂടിയത്.
പ്രതികൾ വാഹനത്തിൽ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. സ്ക്വാഡിനും പൊലീസുകാർക്കും കിട്ടിയ രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.
പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കവർച്ചയുടെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസ് ആണെന്നും കർണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മറ്റു പ്രതികൾക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കോയമ്പത്തൂരിൽനിന്ന് രണ്ടര കിലോയോളം സ്വർണവുമായി 25ന് വാഹനത്തിൽ വരുകയായിരുന്ന രണ്ടുപേരെ കല്ലിടുക്കിൽ വെച്ച് മൂന്നു വാഹനങ്ങളിലായി വന്ന പ്രതികൾ തടഞ്ഞുനിർത്തി ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കുകയായിരുന്നു.
പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കവർച്ചക്കിരയായവർ ഒല്ലൂർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ടോൾപ്ലാസകളും സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ ഉപേക്ഷിച്ച കാർ നടത്തറയിൽനിന്ന് കണ്ടെത്തിയിരുന്നു.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ മേൽനോട്ടത്തിൽ ഒല്ലൂർ അസി. കമീഷണർ സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ പീച്ചി ഇൻസ്പെക്ടർ അജിത്ത്, മണ്ണുത്തി സബ് ഇൻസ്പെക്ടർ കെ.സി. ബൈജു, വിയ്യൂർ സബ് ഇൻസ്പെക്ടർ ന്യൂമാൻ, സാഗോക്ക് അസി. സബ് ഇൻസ്പെക്ടർമാരായ പി.എം. റാഫി, പഴനിസ്വാമി, അജിത്കുമാർ, രജിത, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, ദിലീപ്, മിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ്, അബീഷ് ആന്റണി, അനിൽകുമാർ, നിതീഷ്, സെബാസ്റ്റ്യൻ, വിഷ്ണു, സൈബർസെൽ വിഭാഗത്തിലെ സബ് ഇൻസ്പെക്ടർ ടി.ഡി. ഫീസ്റ്റോ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിത്ത് എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.