മാഞ്ഞാലി മാട്ടുപുറത്തെ ഗുണ്ട ആക്രമണം: ഒമ്പതുപേർ അറസ്റ്റിൽ
text_fieldsപറവൂർ: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽക്കയറി സഹോദരങ്ങളെ ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ഒമ്പതുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കരുമാല്ലൂർ കാരകുളത്തിങ്കൽ വീട്ടിൽ ജിതിൻ (21), കരുമാല്ലൂർ മേച്ചേരിപറമ്പ് വീട്ടിൽ രഞ്ജിത്ത്(31), കരുമാല്ലൂർ വട്ടവയലിൽ വീട്ടിൽ അഖിൽ (29), കരുമാല്ലൂർ കാരകുളത്തിൽ വീട്ടിൽ ഷിധിൻ (25), കരുമാല്ലൂർ കല്ലൂപ്പറമ്പിൽ വീട്ടിൽ അഭിജിത്ത് അമ്പിളി (28), നോർത്ത് പറവൂർ മാക്കനായി ചന്തത്തോപ്പിൽ വീട്ടിൽ പ്രണവ് (29), കോട്ടുവള്ളി പനച്ചിപ്പൊക്കം വീട്ടിൽ അനിൽ (34), കരുമല്ലൂർ കളത്തിപ്പറമ്പിൽ വീട്ടിൽ സിബു ജോയ് (41), അങ്കമാലി, താബോർ തെക്കേക്കര വീട്ടിൽ മജു (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ 29ന് രാത്രി പത്തരയോടെയാണ് മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീന്റെ മക്കളായ ഷാനവാസ് (41), നവാസ് (39) എന്നിവർ ഗുണ്ടസംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. മൂന്ന് ബൈക്കിലായി എത്തിയ സംഘം വീട് തകർത്ത് അകത്തുകയറി ഇരുവരെയും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.
നാടിനെ വിറപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് അഭിപ്രായം ഉയർന്നതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏൽപിക്കുകയായിരുന്നു. പ്രതികൾ നാടുവിട്ടുവെന്നായിരുന്നു ഇതുവരെ പൊലീസ് പറഞ്ഞിരുന്നത്. പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്ത ശേഷം 24 മണിക്കൂറിനകമാണ് ഏതാനും പ്രതികൾ പിടിയിലാകുന്നത്. മന്ത്രി പി. രാജീവ് ആക്രമണത്തിന് ഇരയായ കടുംബത്തെ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.