കള്ളുഷാപ്പിൽ ഗുണ്ട ആക്രമണം: പ്രതികൾ അറസ്റ്റിൽ
text_fieldsമാള: ഷാപ്പിൽ ഗുണ്ട ആക്രമണം നടത്തിയ പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. ഷാപ്പിൽ അരിയംവേലിൽ വീട്ടിൽ സഹജനെ (59) ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ച കേസിൽ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രമോദ് (29), വലിയപറമ്പ് പള്ളിയിൽ വീട്ടിൽ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടിൽ രജീവ് (42) എന്നിവരെയാണ് മാള എസ്.എച്ച്.ഒ സജിൻ ശശി അറസ്റ്റുചെയ്തത്.
വധശ്രമമടക്കം ഇരുപത്തഞ്ചോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രമോദ് കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ആളാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രതികൾ ലഹരി ഉപയോഗിച്ച് പരസ്പരം വഴക്കുകൂടുന്ന സമയം ഇവരുടെ സമീപത്തുകൂടി പോയ സഹജൻ (59) എന്നയാളെ ശരീരത്തിൽ തട്ടി എന്ന കാരണത്തിൽ മർദിക്കുകയായിരുന്നു.
മർദനത്തിൽനിന്ന് രക്ഷപ്പെടാൻ സഹജൻ സമീപത്തെ കള്ളുഷാപ്പിലേക്ക് ഓടിക്കയറി. പ്രതികളും ഷാപ്പിൽ കയറി. പ്രമോദ് കള്ളുകുപ്പി എടുത്ത് സഹജന്റെ തലക്കടിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തിപ്പരിക്കേൽപിച്ചു. കുത്തേറ്റ സഹജനെ ചാലക്കുടി ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം ജില്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ സഹജൻ അപകടനില തരണം ചെയ്തിട്ടില്ല. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, എ.എസ്.ഐ റോജു എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.