ഉറക്കം കെടുത്തി ഗുണ്ടസംഘങ്ങൾ; തണലായി രാഷ്ട്രീയ നേതൃത്വം
text_fieldsആലപ്പുഴ: ഗുണ്ടസംഘങ്ങളുടെ കേന്ദ്രമായി മാറുകയാണ് ആലപ്പുഴ നഗരം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്വട്ടേഷൻ-ഗുണ്ടസംഘങ്ങളുള്ള ജില്ലയെന്നാണ് അഞ്ചുവർഷം മുമ്പത്തെ കണക്ക്.
339 പേരുണ്ടായിരുന്നു പൊലീസിെൻറ പട്ടികയിൽ. അടുത്തനാളിൽ ഗുണ്ട ആക്ടിൽപെടുത്തി ജയിലിലടക്കപ്പെട്ടവരും സമീപ ജില്ലകളിെലക്കാൾ കൂടുതലാണ്. ആലപ്പുഴയിൽ ലഹരിസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും നടത്തിയ കൊലപാതകങ്ങൾ നിരവധിയാണ്. ആലപ്പുഴയിലെ ക്രിമിനൽ-രാഷ്ട്രീയ കൂട്ടുകെട്ട് അടക്കം ഇത്തരം സംഘങ്ങൾക്ക് വളമാണ്.
നിയമസഭ തെരഞ്ഞെടുപ്പുവേളയിൽ മുൻ മന്ത്രി ജി.സുധാകരൻ ഉയർത്തിയ 'രാഷ്ട്രീയ ക്രിമിനലുകൾ' ആരോപണം വിവിധ പാർട്ടികളിലെ ഒത്താശക്കാരെയാണ് പ്രതിക്കൂട്ടിലാക്കിയത്. കുടിപ്പകയെത്തുടർന്ന് കഴിഞ്ഞദിവസം ചാത്തനാട്ട് ഗുണ്ടത്തലവൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവം സാധാരണ ജനങ്ങൾക്കിടയിൽ ഭീതി വളർത്തിയിരിക്കുന്നു. ആലപ്പുഴ നഗരം, തോട്ടപ്പള്ളി, ചേർത്തല, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഗുണ്ടസംഘങ്ങൾ വിലസുന്നത്. കാര്യസാധ്യത്തിന് പ്രമുഖ രാഷ്ട്രീയപ്പാർട്ടികളെല്ലാം ഇവരുടെ സഹായം തേടുന്നു. കേസിൽനിന്ന് ഇവർ ഇത്തരക്കാരുടെ ഒത്താശയോടെ അനായാസം രക്ഷപ്പെടുന്ന സ്ഥിതിയുണ്ട്.
എട്ടുവർഷം മുമ്പ് തുേമ്പാളി കള്ളുഷാപ്പ് ജീവനക്കാരൻ മധുവിനെ ലഹരിമരുന്ന് സംഘം കുത്തിക്കൊലപ്പെടുത്തിയതോടെ കൊലപാതക പരമ്പര തന്നെയാണ് പിന്നീടുണ്ടായത്. തുടർന്ന് തുേമ്പാളി പടിഞ്ഞാറ് ബെന്നിയെ ഗുണ്ടസംഘം കൊമ്മാടിയിൽ കൊലപ്പെടുത്തി. തുേമ്പാളി റെയിൽവേ സ്റ്റേഷന് സമീപം സോണിയെ മാട്ടം മനോജ് എന്ന ഗുണ്ടനേതാവിെൻറ നേതൃത്വത്തിലും കൊലപ്പെടുത്തി.
മൂന്നുവർഷം മുമ്പ് തീർഥശ്ശേരി കള്ളുഷാപ്പിൽ കൂട്ടുകാർക്കൊപ്പമെത്തിയ സാബുവിനെ കുത്തിക്കൊലപ്പെടുത്തിയതും പഴയ പകയുടെ ഭാഗം. സാബു കൊലക്കേസുമായി ബന്ധപ്പെട്ട് തുേമ്പാളി പള്ളിപ്പെരുന്നാൾ ദിവസം വികാസ്, ജസ്റ്റിൻ എന്നിവർ 2019ൽ കൊല്ലപ്പെട്ടു. കാപ്പ കേസ് പ്രതി മനുവിനെ 15 പേർ ചേർന്ന് കൊലപ്പെടുത്തി കടൽത്തീരത്ത് കുഴിച്ചിട്ടത് മൂന്നുവർഷം മുമ്പാണ്. കായംകുളത്ത് സി.പി.എം പ്രവർത്തകൻ സിയാദ് വെറ്റമുജീബിെൻറയും സംഘത്തിെൻറയും ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2020 ഒക്ടോബറിൽ. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ടാണ് നേരേത്ത ക്വട്ടേഷൻ സംഘങ്ങൾ സജീവമായിരുന്നത്. കായംകുളം, ഹരിപ്പാട് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇത് ഏറെയും. മയക്കുമരുന്ന്-കഞ്ചാവ് വിപണനവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ സംഘങ്ങളുടെ വളർച്ച. ആലപ്പുഴ, ചേർത്തല കേന്ദ്രീകരിച്ചാണ് അധികം. തോട്ടപ്പള്ളി, പല്ലന, പാനൂർ ഭാഗത്തും തകഴിയിലും അടുത്തകാലത്ത് ക്വട്ടേഷൻ ആക്രമണം നടന്നു. പലപ്പോഴും ചെറിയ തർക്കങ്ങളാണ് ക്വട്ടേഷൻ-ഗുണ്ട ആക്രമണങ്ങളിൽ കലാശിക്കുന്നത്.
യുവാവിനെ വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
ആലപ്പുഴ: സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച സംഭവത്തിന് മുമ്പ് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആലിശ്ശേരി തങ്ങൾവകപുരയിടം നഫ്സൽ (38), ഓമനപ്പുഴ ചിറപറമ്പിൽ മിറാഷ് (28), ആലപ്പുഴ സനാതനപുരം ടോം റാഫേൽ (25) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി 7.30ന് സ്ഫോടകവസ്തു പൊട്ടി തോണ്ടൻകുളങ്ങര കിളിയംപറമ്പ് അരുൺകുമാർ (ലേ കണ്ണൻ-26) മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണെൻറ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്. സംഭവത്തിന് മുമ്പ് കണ്ണെൻറ നേതൃത്വത്തിലുള്ള സംഘം ചാത്തനാട് ശ്മശാനത്തിന് സമീപത്തെ കിളിയൻപറമ്പിൽ എതിർചേരിയിലെ രാഹുലിെൻറ വീട് അന്വേഷിച്ചെത്തിയിരുന്നു. തുടർന്ന് ചാത്തനാട് കോളനിയിലെ മനു
അലക്സിനെ വീട്ടിൽകയറി വെട്ടുകയായിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായതെന്ന് നോർത്ത് പൊലീസ് പറഞ്ഞു.
ഗുണ്ടസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. കഴിഞ്ഞദിവസം ചാത്തനാട് മേഖലയിൽ ഗുണ്ടസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. അതിനിെട, സംഘർഷത്തിൽ വെട്ടേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സതേടിയയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.