ഗുണ്ടകളും കഞ്ചാവ് മാഫിയയും പിടിമുറുക്കുന്നു: പത്തനംതിട്ടയിലെ പുതിയ ഗുണ്ടാലിസ്റ്റിൽ 171 പേർ
text_fieldsപത്തനംതിട്ട: ഗുണ്ടകളുടെയും കഞ്ചാവ് മാഫിയയുടെയും വിഹാരകേന്ദ്രമായി പത്തനംതിട്ട മാറുന്നു. ജില്ലയിൽ 171പേരാണ് പുതിയ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഗുണ്ടാലിസ്റ്റിൽ സംസ്ഥാനത്ത് തിരുവനന്തപുരവും പത്തനംതിട്ടയുമാണ് മുന്നിൽ നിൽക്കുന്നത്. നിരന്തരം ക്രിമിനൽ കേസിൽപ്പെടുന്നവരാണ് ഇവർ. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിരന്തരം ഗുണ്ടകളുടെ ശല്യം ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ തണലിലാണ് ഗുണ്ടകൾ വിലസുന്നത്. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആവശ്യത്തിന് ഇവരെയാണ് ഉപയോഗിക്കുന്നത്. എതിരാളികളെ അടിച്ചമർത്താൻ പലപ്പോഴും ഗുണ്ടകളുടെ സഹായം തേടാറുണ്ട്. പൊലീസ് പിടികൂടിയാൽ രക്ഷപ്പെടുത്താനും നേതാക്കൾ എത്തും. തിരുവല്ല, പത്തനംതിട്ട നഗരങ്ങളിൽ നിരന്തരം ഗുണ്ടകളുടെ ശല്യമുണ്ടാകുന്നുണ്ട്. സമീപ നാളുകളിൽ അഴൂർ, പ്രമാടം മേഖലകളിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയും ഗുണ്ടകളുടെ താവളമാണ്. കഞ്ചാവ് കച്ചവടമാണ് ഇതിൽ പലർക്കും.
കഴിഞ്ഞ രാത്രി കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിൽ പത്തനംതിട്ട നഗരത്തിൽ നടന്ന തർക്കം ഭീതി പടർത്തി. തിങ്കളാഴ്ച രാത്രി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് മുന്നിലെ ബാറിൽനിന്ന് മദ്യപിച്ചശേഷം രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് തുടങ്ങിയ വാക്കേറ്റം ഒടുവിൽ കൈയാങ്കളിയിലേക്ക് നീങ്ങി. പൊലീസെത്തിയപ്പോഴേക്കും ഇരുവിഭാഗവും ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. നിരവധി ബൈക്കുകളിലാണ് സംഘം എത്തിയത്. അർധരാത്രിയോടെ ചിലർ ബൈക്കുകളിലെത്തി വീണ്ടും നഗരത്തിൽ അക്രമത്തിന് മുതിർന്നു. മണ്ണാറമലയിൽ ഇതിനിടെ ഒരാളുടെ വീട് തകർത്തതും ആശങ്കയുണ്ടാക്കി. ഇതോടെ അടൂർ ക്യാമ്പിൽനിന്ന് വിവിധ സ്റ്റേഷനുകളിൽ നിന്നുമൊക്കെയായി പൊലീസെത്തി നഗരത്തിലെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പൊലീസ് പുലരുവോളം പരിശോധനകൾ തുടർന്നെങ്കിലും ആരെയും കിട്ടിയില്ല. കഞ്ചാവ് വിൽപന നടത്തുന്നവരാണ് ഇരുസംഘത്തിലും ഉള്ളതെന്നാണ് പൊലീസ് പറയുന്നത്.
വിവിധ രാഷ്ട്രീയ കക്ഷികളുടെ യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഇക്കൂട്ടത്തിൽ ഉള്ളതായി പറയുന്നു. കഞ്ചാവ് കച്ചവടം നാട്ടിലെങ്ങും തഴച്ചുവളരുകയാണ്.
കോവിഡിനെ തുടർന്ന് കുറെ നാളായി റെയ്ഡുകൾ കാര്യക്ഷമമല്ല. സ്കൂൾ, കോളജുകളുടെ പ്രവർത്തനവും ഇല്ലാത്തതിനാൽ നാട്ടിൻപുറങ്ങളിലുള്ള കുട്ടികളും ഈ മാഫിയ സംഘത്തിന്റെ വലയിൽ വീണിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.