കായംകുളത്ത് ഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsകായംകുളം: ആലപ്പുഴ -കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് ഗുണ്ട-ക്വട്ടേഷൻ പ്രവർത്തനം നടത്തിയ ഒമ്പതംഗ സംഘം അറസ്റ്റിൽ. എരുവ ഇല്ലത്ത് പുത്തൻ വീട്ടിൽ (ജിജീസ് വില്ല) ആഷിഖ് (27), എരുവ ചെറുകാവിൽ കിഴക്കതിൽ വിഠോബ ഫൈസൽ (27), ചേരാവള്ളി ഓണമ്പള്ളിൽ സമീർ (30), കരുനാഗപ്പള്ളി തൊടിയൂർ ഇടയിലെ വീട്ടിൽ ഹാഷിർ (32),
നൂറനാട് പാലമേൽ കുറ്റിപ്പറമ്പിൽ ഹാഷിം (32), ആലപ്പുഴ കോമളപുരം ബർണാഡ് ജങ്ഷൻ എട്ടുകണ്ടത്തിൽ വീട്ടിൽ മാട്ട കണ്ണൻ (30), മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചാക്കൂർ വീട്ടിൽ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനം വീട്ടിൽ മനു (കുക്കു -28), കായംകുളം ഷഹീദാർ പള്ളിക്ക് സമീപം വരിക്കപ്പള്ളിൽ ഷാൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ, കായംകുളം, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇവർ പ്രതികളാണ്. കായംകുളം ഭാഗത്ത് ഗുണ്ട -ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കാപ്പ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും ആഷിഖും നിരോധനം ലംഘിച്ചാണ് ജില്ലയിൽ പ്രവേശിച്ചത്. ഇരുവർക്കുമെതിരെ കാപ്പ നിയമം ലംഘിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. സമയോചിത ഇടപെടലിൽ ഇവർ ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
ഗുണ്ടാസംഘം ഒത്തുകൂടുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ വിഷ്ണു, ദീപക്, ഷാജഹാൻ, ഫിറോസ്, സബീഷ്, രാജേന്ദ്രൻ, ബിജുരാജ്, പ്രദീപ്, സബീഷ്, റുക്സർ എന്നിവരടങ്ങിയ സംഘമാണ് വിവിധ ഭാഗങ്ങളിൽ നിന്നായി ഗുണ്ടകളെ പിടികൂടിയത്. ഓപറേഷൻ കാവലുമായി ബന്ധപ്പെട്ട് ഗുണ്ടാ-ക്വട്ടേഷൻ ടീമുകൾക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.