ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
text_fieldsകൊച്ചി: വിവാദമായ സീറോ മലബാർ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് റവന്യു വികുപ്പിന്‍റെ ഉത്തരവ്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. ഓഗസ്റ്റ് 12ലെ ഹൈകോടതി ഉത്തരവ് പ്രകാരം അന്വേഷണ നടത്തണമെന്ന് ലാൻഡ് റവന്യൂ കമീഷണർ നിർദേശം നൽകിയിരുന്നു. അതനുസരിച്ചാണ് റവന്യൂ അഡീഷണൽ സെക്രട്ടറി ആർ. താരാഭായി ഉത്തവിട്ടത്.
ലാൻഡ് റവന്യു അസിസ്റ്റന്‍റ് കമീഷണർ (എൽആർ) ബീന പി. ആനന്ദിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെ നിയോഗിച്ചു. എറണാകുളം ജില്ലാ രജിസ്റ്റാർ എബി ജോർജ്, കൊച്ചി പൊലീസ് അസിസ്റ്റ് കമീഷണർ വിനോദ് പിള്ള, റവന്യൂ വികുപ്പിലെ സീനിയർ സൂപ്രണ്ട് എസ്. ജയകുമാരൻ, റവന്യൂ ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻപിള്ള, റവന്യൂ വകുപ്പിലെ ക്ലാക്ക്മാരായി എം. ഷിബു, വി.എം. മനോജ് എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്. അതിവേഗം റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലെ നിദ്ദേശം.
സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈകോടതി അടുത്തിടെ ശരിവെച്ചിരുന്നു. ആലഞ്ചേരിയുടെ അപ്പീൽ തള്ളിയ ഹൈകോടതി ആറു കേസിൽ ഒന്നിൽ കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് അന്വേഷണത്തിനുള്ള പുതിയ സംഘത്തെ നിയോഗിച്ചത്.
സഭാ ഭൂമി ഇടപാടിൽ പുറമ്പോക്ക് ഭൂമി ഉണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയിലുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
യഥാർഥ പട്ടയത്തിന്‍റെ അവകാശിയെ കണ്ടെത്തിയ പൊലീസും കൂടുതൽ അന്വേഷണം ശിപാർശ ചെയ്തിരുന്നു. വിചാരണയിൽ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നായിരുന്നു കർദിനാൾ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.
എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലെ കാക്കനാടുള്ള 60 സെന്‍റ് ഭൂമി വിൽപന നടത്തിയത് വഴി സഭക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പരാതി. വിവിധ സഭാ സമിതികളിൽ ആലോചിക്കാതെയാണ് വിൽപന നടത്തിയതെന്ന് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.