ഗുണ്ടകൾ വിലസണ്ട: ഇനി വേഗം ജയിലിലേക്ക്
text_fieldsതിരുവനന്തപുരം: ഗുണ്ടകളെ കാപ്പ നിയമപ്രകാരം കുറ്റം ചുമത്തി ജയിലിലടയ്ക്കുന്ന നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം ഒഴിവാക്കണം. ഗുണ്ടാനിയമപ്രകാരം (കാപ്പ) ഒരാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി പൊലീസ് നൽകുന്ന അപേക്ഷകളിൽ മൂന്നാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് കലക്ടർമാർക്ക് അദ്ദേഹം നിർദേശം നൽകി. അനാവശ്യമായി ആർക്കെതിരെയും ഇത്തരം കുറ്റം ചുമത്തരുത്. അത് കൃത്യമായി പരിശോധിക്കുന്നതിനുള്ള സംവിധാനം വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ഗുണ്ടാ നിയമം നടപ്പാക്കുന്നതിൽ കാലതാമസം വരുന്ന സാഹചര്യത്തിൽ വിളിച്ച അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനോ നാടുകടത്തുന്നതിനോ ഉള്ള ശിപാർശ സമർപ്പിക്കുമ്പോൾ അതിൽ വ്യക്തത വേണം. സ്ഥിരം കുറ്റവാളികളെയാണ് ഈ നിയമപ്രകാരം ജയിലിൽ അടയ്ക്കേണ്ടത്. ഗുണ്ടാനിയമപ്രകാരമുള്ള ശിപാർശകള്‍ പരിശോധിക്കാൻ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സെൽ കലക്ടറേറ്റുകളിൽ രൂപവത്കരിക്കണം. ജില്ല പൊലീസ് മേധാവികളുടെ ഓഫിസുകളിൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണം. കാപ്പ കേസുകളുടെ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആറുമാസം തോറും അവലോകന യോഗം ചേരാനും തീരുമാനിച്ചു.
ഗുണ്ടാനിയമത്തിൽ കലക്ടർമാർക്ക് പരിശീലനം നൽകാൻ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. 140 ശിപാർശകളിൽ ഇപ്പോഴും കലക്ടർമാർ തീരുമാനമെടുത്തിട്ടില്ലെന്ന് ഡി.ജി.പി അനിൽകാന്ത് യോഗത്തെ അറിയിച്ചു. പല ശിപാർശകളിലും ആറു മാസത്തിനകം തീരുമാനമെടുക്കാത്തതിനാൽ നിയമ സാധുത നഷ്ടമാകുന്നെന്നും അദ്ദേഹം പറഞ്ഞു. മണൽ, മണ്ണ് ഭൂമാഫിയക്കെതിരെ കർശനനടപടി തുടരണമെന്ന നിർദേശവും യോഗത്തിലുണ്ടായി. ചീഫ് സെക്രട്ടറി വി.പി. ജോയ്, ആഭ്യന്തര റവന്യൂ സെക്രട്ടറിമാർ, ഡി.ജി.പി അനിൽകാന്ത്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.