Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയുടെ മരണം...

വയോധികയുടെ മരണം കൊലപാതകം; പേരക്കുട്ടി അറസ്റ്റിൽ; കൊല നടത്തിയത്​ മദ്യപിക്കാൻ പണത്തിന്​

text_fields
bookmark_border
വയോധികയുടെ മരണം കൊലപാതകം; പേരക്കുട്ടി അറസ്റ്റിൽ; കൊല നടത്തിയത്​ മദ്യപിക്കാൻ പണത്തിന്​
cancel
camera_alt

കൊല്ലപ്പെട്ട കൗസല്യ, പിടിയിലായ ഗോകുൽ 

ചേർപ്പ്​: കടലാശ്ശേരിയിൽ ഒറ്റക്ക്​ താമസിക്കുന്ന വയോധികയുടെ മരണം കൊലപാതകമെന്ന്​ തെളിഞ്ഞു. പേരക്കുട്ടി അറസ്റ്റിൽ. ഊമൻപിള്ളി പരേതനായ വേലായുധന്‍റെ ഭാര്യ കൗസല്യയാണ്​ (78) മരിച്ചത്​. പേരക്കുട്ടി ഗോകുലിനെ (32) പൊലീസ്​ അറസ്റ്റ്​ ചെയ്തു​.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട്​ ഏഴോടെയാണ് കൗസല്യയെ വീട്ടിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘതം മൂലമെന്ന്​ ആദ്യം കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാതായത് സംശയത്തിനിടയായി. തുടർന്ന്​ ബന്ധുക്കളടക്കമുള്ളവരെ പൊലീസ്​ നിരീക്ഷിച്ചുവരുകയായിരുന്നു. അമ്മൂമ്മയെ കഴുത്ത്​ ഞെരിച്ച് കൊലപ്പെടുത്തി വള മോഷ്ടിച്ചത് ഗോകുലാണെന്ന്​ അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ്​ അറസ്റ്റ്​.

സംഭവദിവസം രാവിലെ 11ന്​ ഗോകുൽ തന്‍റെ പദ്ധതി നടപ്പാക്കാൻ എത്തിയിരുന്നു. എന്നാൽ, തൊട്ടടുത്ത വഴിയിൽ ആളുകളുടെ സാന്നിധ്യം തടസ്സമായി. പിന്നീട് രണ്ടരയോടെ വീണ്ടും എത്തിയാണ് കൃത്യം നടത്തിയത്. ആദ്യം സൗമ്യഭാവത്തിൽ പണയം വെക്കാനായി വള ചോദിച്ചെങ്കിലും കള്ളുകുടിക്കാനല്ലേ എന്നുപറഞ്ഞ്​ കൗസല്യ എതിർത്തു. ഇതോടെ ദേഷ്യം കയറിയ ഗോകുൽ കൗസല്യയെ പിറകിൽനിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറി ഇരുന്ന്​ മൂക്കും വായും പൊത്തിപ്പിടിച്ചു. കൗസല്യ ബഹളംവെച്ചതോടെ തലയിണ എടുത്ത് മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷമാണ് വളയും റോൾഡ് ഗോൾഡ് മാലയും ഊരിയെടുത്ത് സ്ഥലം വിട്ടത്.

മക്കൾ സ്വന്തമായി വീടുവെച്ചു താമസം മാറിയതോടെ കുറച്ചു നാളുകളായി കൗസല്യ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകന്‍റെ മകനാണ് പ്രതി ഗോകുൽ. സ്ഥിരമായി ജോലിക്ക്​ പോകാതെ കൂട്ടുകൂടി മദ്യപിച്ച്​ നടക്കുന്ന പ്രതി മദ്യപിക്കാൻ പണത്തിനായാണ് കൊല നടത്തി സ്വർണം കവർന്നത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. പ്രതി പണയം വെച്ച വള ധനകാര്യ സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തു.

കൊല നടത്തിയത്​ മദ്യപിക്കാൻ പണത്തിന്​

ചേർപ്പ്​: പേരക്കുട്ടി വയോധികയെ കൊലപ്പെടുത്തി വള മോഷ്ടിച്ചത്​​ മദ്യപിക്കാൻ പണത്തിനുവേണ്ടി​യെന്ന്​ പൊലീസ്​. വള ചേർപ്പിലെ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ച്​ കിട്ടിയ 25,000 രൂപയിൽ 3000 രൂപയുമായി ഗോകുൽ ആദ്യം പോയത് കൂട്ടുകാരുമൊത്ത്​ മദ്യപിക്കാനായിരുന്നു. മദ്യലഹരിയിലിരിക്കെയാണ്​ അമ്മൂമ്മക്ക്​ തീരെ വയ്യ എന്നു പറഞ്ഞ് അമ്മയുടെ വിളി എത്തിയത്​. ഉടനെ ഓട്ടോ വിളിച്ച് സ്ഥലത്തെത്തി. ആർക്കും സംശയം തോന്നാതിരിക്കാൻ മരണാനന്തര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. ഇതിനിടെ വള പണയം​വെച്ചു കിട്ടിയ പണം ഉപയോഗിച്ച്​ പലവട്ടം മദ്യപിച്ചു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് കൗസല്യയുടെ വള കാണുന്നില്ലന്ന വിവരം അറിഞ്ഞതോടെ രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റു​മോർട്ടം നടത്തിയ ഡോക്ടർമാരുടെ അഭിപ്രായം കൂടി അറിഞ്ഞതോടെ വളരെ ശ്രദ്ധയോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ. മരണാനന്തര ചടങ്ങുകളിൽ മഫ്തിയിൽ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത ഗോകുൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് ഭാവഭേദമില്ലാതെയാണ്​ മറുപടി പറഞ്ഞത്​. ശ്വാസതടസ്സം അഭിനയിച്ച് പൊലീസിനെ സമ്മർദത്തിലാക്കാനും ശ്രമം നടത്തി. എന്നാൽ, തന്ത്രപരമായ ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം.

തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസും ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബുവും സംഘവുമാണ്​ കേസ്​ തെളിയിച്ചത്​.

ചേർപ്പ് എസ്​.ഐ ടി.വി. ഷിബു, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ ഷഫീർ ബാബു, ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ്, ചേർപ്പ് സ്റ്റേഷനിലെ എസ്.ഐ ദിലീപ് കുമാർ, എ.എസ്.ഐ സജിപാൽ, സീനിയർ സി.പി.ഒമാരായ പി.എ. സരസപ്പൻ, ഇ.എച്ച്. ആരിഫ്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Caseselderly women
News Summary - Grandson arrested in Elderly woman murder case; crime for money to get drunk
Next Story