ഗൃഹനാഥന്റെ മരണം കൊലപാതകം: അയൽവാസിയെ അറസ്റ്റ് ചെയ്തു
text_fieldsഹരിപ്പാട്: വീടിനുസമീപം ഗൃഹനാഥനെ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അയൽവാസിയെ അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെയാണ് (രാജു -48) അറസ്റ്റ് ചെയ്തത്. കുമാരപുരം താമല്ലാക്കൽ വടക്ക് പുത്തൻപുരയിൽ ഷാജിയെയാണ് (54) ഈ മാസം 21ന് രാവിലെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നാട്ടുകാരിൽ ചിലർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും പൊലീസും നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത വെളിപ്പെട്ടത്. തേങ്ങ ഇട്ടതിനെചൊല്ലിയുള്ള തർക്കത്തിനിടെ തലക്ക് അടിയേറ്റതാണ് മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്.പ്രതിയുടെ സഹോദരിയുടെ വീട്ടില്‍ തേങ്ങ ഇടുന്നതിനെചൊല്ലി ഷാജിയുമായി വാക്തര്‍ക്കം ഉണ്ടായി. അന്ന് വൈകീട്ട് രാജീവിന്റെ വീട്ടില്‍ പൂജ നടന്നപ്പോൾ ഷാജി പ്രതിയുടെ വീട്ടിലെ മതിലില്‍ പുറംതിരിഞ്ഞ് ഇരുന്നു. ഇതിൽ ക്ഷുഭിതനായ രാജീവൻ ഷാജിയെ മരക്കമ്പുകൊണ്ട് അടിച്ച് താഴെയിട്ടു. അടിയുടെ ആഘാതത്തില്‍ മരണം സംഭവിക്കുകയായിരുന്നു. പരിസരത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന് പ്രതിയുടെ അമ്മയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ ബിജു വി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.