പെരുമ്പാവൂരില്‍ വീണ്ടും ജി.എസ്.ടി തട്ടിപ്പ്; ഇരയായത് നിര്‍ധന വയോധികൻ
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും നടന്ന ജി.എസ്.ടി തട്ടിപ്പിന് ഇരയായത് നിര്ധനന്. ഇരിങ്ങോള്‍ പറമ്പിക്കുടി വീട്ടില്‍ രാജന് എന്ന 75 വയസ്സുകാരനാണ് ഇത്തവണ തട്ടിപ്പില്‍പ്പെട്ടത്. ഇയാളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ത്തിയെടുത്താണ് മൂവാറ്റുപുഴ സെന്‍ട്രല്‍ ടാക്സ് ആൻഡ് സെന്‍ട്രല്‍ എക്സൈസ് ഓഫിസില്‍ ജി.എസ്.ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
5,97,439 ലക്ഷം നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം രാജന് അറിയുന്നത്. രജിസ്ട്രേഷന് എടുത്തിരിക്കുന്നത് ഭവാനി വുഡ് പ്രൊഡക്ട് എന്ന വ്യാജ മേല്‍വിലാസത്തിലാണെന്ന് ഇയാള്‍ അധികാരികള്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. തുക അടയ്ക്കാതിരുന്നാല്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് ജി.എസ്.ടി ഓഫിസില്‍നിന്നും അറിയിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജന് മുഖ്യമന്ത്രി, ആലുവ റൂറല്‍ എസ്.പി എന്നിവര്‍ക്കും പെരുമ്പാവൂര്‍, മൂവാറ്റുപുഴ സി.ഐമാര്‍ക്കും പരാതി നല്കി. തകര്‍ന്ന് വീഴാറായ വീട്ടില്‍ താമസിക്കുന്ന രാജനെ തട്ടിപ്പില്‍ കുടുക്കിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തുണ്ട്. സംസ്ഥാനത്ത് കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടക്കുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. മര വ്യവസായത്തിെൻറ ഈറ്റില്ലമായ ഇവിടെ വ്യാജ രജിസ്ട്രേഷനുകളില്‍ ഉരുപ്പടികള്‍ കയറ്റിവിടുന്നതായ ആരോപണം നിലനില്ക്കുന്നു. ഇത് നിയമ പ്രകാരം കച്ചവടം നടത്തുന്നവര്‍ക്ക് മാനഹാനിയായി മാറുകയാണ്. പലപ്പോഴും കുടിലില്‍ താമസിക്കുന്നവരുടെ പേരിലാണ് ലക്ഷങ്ങള്‍ നികുതിയാവുന്നത്. ഒരു വര്‍ഷം മുമ്പ് പെരുമ്പാവൂരിലെ കാഞ്ഞിരക്കാടുള്ള നിര്ധനന് തട്ടിപ്പിനിരയായെന്ന വാദവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍, പിന്നീട് പ്രതികരണമുണ്ടായില്ല. ആദ്യകാലങ്ങളില്‍ പ്രതിഫലം പറ്റി രജിസ്ട്രേഷന് ഉടമസ്ഥാവകാശം നല്കുന്നവരുമുണ്ടായിരുന്നു. വാഗ്ധാനം ചെയ്ത പ്രതിഫലം ലഭിക്കാതെ വരുമ്പോള്‍ വഞ്ചിക്കപ്പെട്ടുവെന്ന ആരോപണവുമായി രംഗത്തിറങ്ങുകയാണ് പതിവ്. നികുതി വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് രജിസ്ട്രേഷന് അനുവദിക്കുന്നതെന്ന ആരോപണം ശക്തമാണെങ്കിലും ഇതേകുറിച്ച് വ്യക്തമായ അന്വേഷണം നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.