'റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിച്ച് നടത്തി'; ഗുജറാത്തിൽ ആദിവാസി യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ 35കാരിയായ ആദിവാസി യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഭർതൃപിതാവിന്‍റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം യുവതിയെ ആക്രമിച്ചത്. യുവതിയെ നാട്ടുകാർ ആക്രമിക്കുന്നതിന്‍റെയും വസ്ത്രം ഇല്ലാതെ നടത്തുകയും ചെയ്തതിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
കേസിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജനുവരി 28ന് സഞ്ജേലി താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് രാജ്ദീപ് സിങ് സാല പറഞ്ഞു. ആൾക്കൂട്ട ആക്രമണം വിഡിയോ എടുത്ത് പ്രചരിപ്പിച്ചവർക്കെതിരെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന്‍റെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
15 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നാല് പുരുഷന്മാരും നാല് സ്ത്രീകളും നാല് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്ന 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഭർതൃപിതാവ് വീട്ടിനുള്ളിൽ പൂട്ടിയിട്ടിരുന്ന സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
ഭർതൃപിതാവിന്‍റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം യുവതിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പുരുഷന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ഇരയെ ആക്രമിക്കുകയും ഭാഗികമായി വസ്ത്രം അഴിക്കുകയും കൈകൾ ചങ്ങലയിൽ ബന്ധിച്ച ശേഷം ഗ്രാമത്തിലൂടെ നടക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയെ മോട്ടോർ സൈക്കിളിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചതായും എഫ്.ഐ.ആറിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.