ഹലാൽ വിവാദം: കെ. സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകി
text_fieldsതിരുവനന്തപുരം: ഹലാൽ ഭക്ഷണത്തിന്‍റെ പേരിൽ മുസ് ലിംകൾക്കെതിരെ വ്യാജപ്രചരണങ്ങൾ നടത്തുകയും വിവിധ മത സമൂഹങ്ങൾക്കിടയിൽ സ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവാദ പരാമർശം നടത്തുകയും ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെതിരെ വെൽഫെയർ പാർട്ടി പരാതി നൽകി.
വിവാദ പരാമർശത്തിൽ കെ. സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ജി. അനിൽകുമാറാണ് കണ്ടോൺമെൻറ് സ്റ്റേഷനിലും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയത്. കേരളത്തിലെ മുസ് ലിംകൾ നടത്തുന്ന വിവിധ ഹോട്ടലുകളിൽ പാകം ചെയ്യുന്നത് ഉസ്താക്കന്മാർ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ ആരോപണമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. ഹലാൽ ബോർഡുള്ള ഹോട്ടലുകൾ മതതീവ്രവാദികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നവയാണെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. മാത്രവുമല്ല ശബരിമലയിൽ പോലും ഹലാൽ ശർക്കരയാണ് വിതരണം ചെയ്യുന്നതെന്ന് യാതൊരു തെളിവുമില്ലാതെയാണ് അദ്ദേഹം പറയുന്നത്.
കേരളത്തിലെ മതസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദാന്തരീക്ഷം തകർക്കുന്നതിനു വേണ്ടി സംഘ്പരിവാർ ബോധപൂർവം സൃഷ്ടിച്ച കെട്ടുകഥയാണ് ഹലാൽ വിവാദം. മുസ്‌ലിം സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് ഹിന്ദു - മുസ്‌ലിം - ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും വളർത്തുകയും അതുവഴി വർഗീയ ധ്രുവീകരണവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിനെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പരിപാടിയിൽ കെ. സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് തുടർന്നുവന്ന ദിവസങ്ങളിൽ പാലക്കാട് പ്രസ് ക്ലബ്ബിലും കോഴിക്കോട് മുതലക്കുളം മൈതാനത്തും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. അത്തരം ജില്ലകളിലും ശക്തമായ നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.