പെൺകുട്ടികളെ ശല്യം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു
text_fieldsബാലരാമപുരം: ബസ്സ്റ്റോപ്പുകളിലും വഴിയിലും സ്ത്രീകളെയും പെൺകുട്ടികളെയും ശല്യം ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ കാട്ടക്കട റോഡിൽ ഇവർ രണ്ടു സംഘങ്ങളായി ചേർന്ന് ഏറ്റുമുട്ടിയ സംഭവവും അരങ്ങേറി. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസും ഈ ശല്യക്കാരെ വെറുതെവിടുന്ന സ്ഥിതിയാണ്. പ്രദേശത്തെ ഒട്ടുമിക്ക ബസ്സ്റ്റോപ്പുകളിലും വലിയ ഫ്ലക്സ് ബോർഡുകളുടെ മറവിലും പതുങ്ങിനിൽക്കുന്ന ഇത്തരക്കാർ വലിയ ശല്യമായി മാറിയിട്ടുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. സ്കൂൾ, ഓഫിസ് സമയങ്ങളിലാണ് ഇവരുടെ വിലസൽ. കുട്ടികൾ കുത്തിനിറച്ച് കയറുന്ന ബസുകളിൽ കയറി ലൈംഗികമായി ഉപദ്രവിക്കുന്നവരുമേറെയുണ്ട്.
ആഡംബര ബൈക്കുകളിലെ ന്യൂജെൻ നിയമലംഘകരുമുണ്ട്. ബസ്സ്റ്റോപ്പുകളിൽ വിദ്യാർഥികളെന്ന വ്യാജേന ബാഗുമായി വന്നുനിൽക്കുന്ന മുതിർന്ന പുരുഷന്മാരും മുതിർന്ന വിദ്യാർഥികളും ഇത്തരം ശല്യക്കാരിൽപെടും. പൊലീസ്അടിയന്തര നടപടിസ്വീകരിക്കണമെന്നാണ് രക്ഷാകർത്താക്കൾ ആവശ്യപ്പെടുന്നത്.
എല്ലാ സ്കൂൾ പരിസരത്തും ശക്തമായ പൊലീസ് നിരീക്ഷണം നടത്തണമെന്നും ആവശ്യമുണ്ട്. ശല്യം അതിരുവിടുന്നതോടെ മാതാപിതാക്കൾ കുട്ടികൾക്ക് അകമ്പടിയായി പോകേണ്ടിവരുന്ന സംഭവങ്ങളുമുണ്ട്.
മൂന്നു വർഷം തടവുശിക്ഷ
കേരള പൊലീസ് ആക്ട് 119എ പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തുന്ന തരത്തിൽ ഏതെങ്കിലും ലൈംഗിക ആംഗ്യങ്ങളോ പ്രവൃത്തികളോ നടത്തുന്ന വകുപ്പിൽപെടുത്തിയാണ് പൊലീസ് ഇത്തരം ശല്യക്കാർക്കെതിരെ കേസെടുക്കുക. ഇതേ വകുപ്പിലെ ബി സെക്ഷൻ പ്രകാരം സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ ഫോട്ടോ എടുക്കുകയോ വിഡിയോകൾ റെക്കോഡ് ചെയ്യുകയോ എവിടെയെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താലും കേസ് വരും. കുറ്റം തെളിയിക്കപ്പെട്ടാൽ, മൂന്നു വർഷം വരെ നീളുന്ന തടവോ 10,000 രൂപയിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടാം. നിലവിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള ശല്യക്കാർക്കെതിരെയാണ് ഈ വകുപ്പിൽ കേസെടുക്കുക. ശല്യം ചെയ്യുന്നവരുടെ പ്രായം 18ൽ താഴെയാണെങ്കിൽ ആദ്യം അവരുടെ മാതാപിതാക്കെളയോ സ്കൂൾ അധികാരികെളയോ അറിയിക്കും. വീണ്ടും ശല്യം തുടർന്നാൽ ചൈൽഡ് ലൈനിൽ റപ്പോർട്ട് ചെയ്യും. തുടർന്ന്, ആവശ്യമായ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.