പീഡന കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ലഹരി-സെക്സ് മാഫിയ സംഘത്തിലെ കണ്ണി, ഫോണിൽ തെളിവുകൾ ഏറെ
text_fieldsമലയിന്‍കീഴ്: പതിനാറുകാരിയെ എട്ടുപേര്‍ പീഡിപ്പിച്ച സംഭവത്തിനുപിന്നില്‍ ലഹരി-സെക്സ് മാഫിയ സംഘമെന്ന് പൊലീസ്. സ്ത്രീകളെ ലഹരിക്കടിമകളായി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
പിടിയിലായ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവായ ജിനേഷിനെ കൂടാതെ ചില യുവജന നേതാക്കള്‍ കൂടി ഈ സംഘത്തിലുണ്ടെന്നാണ് നിഗമനം. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാള്‍ക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്.
ജിനേഷിന്റെ ഫോണില്‍നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്കുള്ള അന്വേഷണത്തിനു പൊലീസിനെ സഹായിച്ചത്. വിവിധ സ്ഥലങ്ങളിലുള്ള 30 ഓളം സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളും ഇവര്‍ മദ്യവും മറ്റ് ലഹരികളും ഉപയോഗിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ ഉണ്ടായിരുന്നു. മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവച്ചത്. ഇപ്പോള്‍ പിടിയിലായ ആറുപേരെക്കൂടാതെ നിരവധി പേരിലേക്ക് ഈ നമ്പര്‍ എത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് മറ്റുള്ളവര്‍ക്ക് കൈമാറാനും ഭീഷണിപ്പെടുത്താനുമാണെന്ന് പൊലീസ് പറയുന്നു. ഇതേരീതിയില്‍ കൂടുതല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ലഹരി നല്‍കി അടിമയാക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് സംശയം.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് നിരവധി പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റിന്റെ വലയിലാക്കിയ ഒരു പ്രമുഖനും പൊലീസിന്റെ പട്ടികയിലുണ്ട്. ഇയാള്‍ മലയിന്‍കീഴിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ അവശ നിലയിലാണ്. നിരന്തരമായ പീഡനം പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും ബാധിച്ചിരിക്കുകയാണ്. ഇതുകൊണ്ടാണോ മറ്റൊരാളോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽപേർ കണ്ണികളാകുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാണ് ആവശ്യം.
ലഹരി സെക്‌സ് റാക്കറ്റിലേക്ക് വിരല്‍ചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാന്‍ ഒരു സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരും മാത്രം മതിയാകില്ല. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇടപെടലുകളും സൈബര്‍ വിഭാഗത്തിന്റെ പ്രത്യേക സഹായവും അനിവാര്യമാണ്. നിലവിൽ കേസിന്റെ അന്വേഷണ ച്ചുമതല മലയിന്‍കീഴ് സി.ഐ.ക്ക് മാത്രമാണ്. കാട്ടാക്കട ഡിവൈ.എസ്.പി. അവധിയിലാണ്. നെടുമങ്ങാട് ഡിവൈ.എസി.പി.ക്കാണ് ചുമതല. മലയിന്‍കീഴ് പോലീസിനുമാത്രം അന്വേഷണച്ചുമതല തുടര്‍ന്നാല്‍ പ്രമുഖരായ പ്രതികളടക്കം രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആക്ഷേപമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കീഴിൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമെ കേസിന്റെ അന്വേഷണം ശരിയായ രീതിയിൽ പൂർത്തികരിക്കാൻ കഴിയൂയെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.