ഹാഷിദ കൊലക്കേസ്: ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
text_fieldsഇരിങ്ങാലക്കുട: തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹാഷിദയെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് അസീസിന് (30) ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. പിഴത്തുകയിൽനിന്ന് ഒരു ലക്ഷം രൂപ ഹാഷിദയുടെ മക്കൾക്ക് നൽകാനും ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എൻ. വിനോദ് കുമാർ വിധിച്ചു.
2022 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് 18ാം ദിവസം ഹാഷിദയെ മുഹമ്മദ് ആസിഫ് വെട്ടി മാരകമായി പരിക്കേൽപിക്കുകയായിരുന്നു. തടയാൻ ചെന്ന ഹാഷിദയുടെ പിതാവ് നൂറുദ്ദീന്റെ തലക്കും വെട്ടേറ്റു. ഹാഷിദയുടെ മാതാവിനെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, വെട്ടേറ്റതിന്റെ പിറ്റേന്ന് വൈകീട്ടാണ് ഹാഷിദ മരിച്ചത്. വലപ്പാട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോജി ജോർജ്, അഭിഭാഷകരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അൽജോ പി. ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.