വിദ്വേഷ പ്രസംഗം: വി.എച്ച്.പി, മഹിളാ മോർച്ച നേതാക്കൾക്കെതിരെ കേസ്
text_fieldsമംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജ് കാമറ വിവാദത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മൂന്നുപേർക്കെതിരെ ഉഡുപ്പി പൊലീസ് സ്വമേധയാ കേസെടുത്തു. വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവെൽ, ഉഡുപ്പി ജില്ല സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണ ഷെട്ടി എന്നിവർക്ക് എതിരെയാണ് ഉഡുപ്പി ടൗൺ പൊലീസ് കേസെടുത്തത്.
‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവണം’-എന്നാണ് ശരൺ പറഞ്ഞത്. ‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉഡുപ്പി നഗ്നത കേസും ഹരിയടുക്ക ഹസനബ്ബ കൊലക്കേസും ആവർത്തിക്കും’ -എന്നായിരുന്നു ദിനേശിന്റെ ഭീഷണി. ‘മുസ്‌ലിം പെൺകുട്ടികൾക്ക് സ്കൂളിലും കോളജിലും പ്രവേശം നൽകരുത്, അവർ വല്ല മദ്റസയിലും പഠിക്കട്ടെ’ -എന്നായിരുന്നു മഹിളാ മോർച്ച നേതാവായ വീണ ഷെട്ടി പ്രസംഗിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ഉഡുപ്പിയിൽ നടത്തിയ റാലിയിലായിരുന്നു വിദ്വേഷ പ്രസംഗം. രശ്മി സാമന്ത്, ബജ്റംഗ്ദൾ കൺവീനർ കെ.ആർ. സുനിൽ,വി.എച്ച്.പി ജില്ല പ്രസിഡന്റ് വിഷ്ണു മൂർത്തി ആചാര്യ, കിഷോർ മംഗളൂരു, ഹർഷിത് കൊയ്ല എന്നിവരും പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.