പൂജക്കായി വിളിച്ചുവരുത്തിയ യുവതിയെ മകന് കാഴ്ചവെച്ചു, ആത്മീയ ഗുരുവായ മുൻ പൊലീസുകാരൻ അറസ്റ്റിൽ
text_fieldsമുംബൈ: ബലാത്സംഗക്കേസിൽ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ മുൻ പൊലീസുകാരൻ അറസ്റ്റിൽ.നവി മുംബൈയിലെ പൊലീസുകാരനായിരുന്ന ഗോകുൽ ജാദവും മകൻ അനിരുദ്ധും (21) ആണ് പിടിയിലായത്. ഇരയായ യുവതിയുടെ പരാതിയിലാണ് മുംബൈ കൽവ പൊലീസിന്‍റെ നടപടി.
2021 ജനുവരിക്കും 2023 ജൂണിനുമിടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഭാവി വരനോടൊപ്പം വിവാഹത്തിന് എട്ട് ദിവസം മുമ്പ് ആഭരണങ്ങൾ എടുക്കാനായി ജ്വല്ലറിയിൽ പോയപ്പോഴാണ് ഗോകുൽ ജാദവിനെ യുവതി ആദ്യമായി കാണുന്നത്. ജാദവിനെ നേരത്തെ അറിയാമായിരുന്ന വരൻ യുവതിക്ക് ഇയാളെ പരിചയപ്പെടുത്തുകയായിരുന്നു. താനെയിലുള്ള വസതിയിലേക്ക് ജാദവ് ഇരുവരേയും ക്ഷണിച്ചു. തന്‍റെ ഭാര്യയെയും മകനെയും പരിചയപ്പെടുത്തിയ ശേഷമാണ് ജാദവ് മടങ്ങിയത്.
ശേഷം 2021 ജനുവരിയിൽ, വൃക്ക സംബന്ധമായ അസുഖം കാരണം യുവതിയുടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം പിതാവിനൊപ്പം ആശുപത്രിയിൽ കൂട്ടിരുന്നത് യുവതിയായിരുന്നു. ഈ സമയം ഭർത്താവ് കൂടെയുണ്ടായിരുന്നില്ല. അപ്പോഴാണ് ജാദവിന്റെ ഭാര്യയും മകൻ അനിരുദ്ധും ആശുപത്രിയിലെത്തി യുവതിയെ സന്ദർശിച്ചത്. യുവതിയുടെ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതായി ജാദവിന്റെ ഭാര്യ ആരോപിച്ചു. എന്നാൽ അവൾ ഇത് വിശ്വസിച്ചില്ല.
തുടർന്ന്, കാമുകിയുമായി ചേർന്ന് യുവതിയെ കൊല്ലാനുള്ള പദ്ധതി ഭർത്താവ് തയ്യാറാക്കുന്നതായും എല്ലാം നേരിൽ അറിയാൻ തങ്ങളുടെ വീട്ടിലെത്താനും ജാദവിന്റെ ഭാര്യ ആവശ്യപ്പെട്ടു. തുടർന്ന് സത്യാവസ്ഥ അറിയാനായി യുവതി ജാദവിന്റെ വീട്ടിലേക്ക് പോയി. മന്ത്രവാദ കളത്തിന് സമാനമായ കാഴ്ചയായിരുന്നു വീട്ടിലെത്തിയപ്പോൾ താൻ കണ്ടതെന്ന് യുവതി മൊഴിയിൽ പറയുന്നു. തുടർന്ന്, ജാദവ് ഒരു മന്ത്രം ചൊല്ലി കുടിക്കാൻ വെള്ളം നൽകുകയും പ്രശ്നപരിഹാരത്തിന് തന്റെ വീട്ടിലെ പൂജകളിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തു. വിസമ്മതിച്ചാൽ ഭർത്താവിന് ബന്ധമുള്ള സ്ത്രീ കൊല്ലുമെന്ന മുന്നറിയിപ്പും നൽകി.
പിന്നീട്, മറ്റൊരു ദിവസം പൂജക്കായി എത്തിയ യുവതിയോട് തന്‍റെ മകനായ അനിരുദ്ധിനെ ഭർത്താവായി കാണണമെന്ന് ജാദവ് ആവശ്യപ്പെട്ടു. തുടർന്ന്, യുവതിയെ മകന്‍റെ കിടപ്പറയിലേക്ക് വലിച്ചിഴച്ചു. തുടർന്ന്, മുറിയിൽ വെച്ച് താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് യുവതി മൊഴിയിൽ പറയുന്നത്. ഐ.പി.സിയിലെ വിവിധ വകുപ്പുകൾ, ബ്ലാക്ക് മാജിക് ആക്ട് 2013 എന്നിവയുടെ പ്രസക്തമായ വകുപ്പുകളും ചേർത്താണ് ജാദവ്, ഇയാളുടെ ഭാര്യ, മകൻ എന്നിവർക്കെതിരെ കൽവ പൊലീസ് കേസെടുത്തിരിക്കുന്നത്. സർവ്വീസിലിരിക്കെ സസ്പെൻഷനിലായതോടെയാണ് ജാദവ് 'ആത്മീയതയുടെ പാത'യിലേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.