'ഈ ശിക്ഷ അനുഭവിക്കേണ്ടത് ഞാനല്ല'; നടൻ ദിലീപിന്റെ ശബ്ദരേഖ പുറത്ത്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്ന് നടൻ ദിലീപ്. ദിലീപിന്റേതെന്ന് സംശയിക്കുന്ന പുതിയ ശബ്ദരേഖ പുറത്തുവന്നു. അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാടുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സംവിധായകന് ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തതാണിത്.
'ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള് രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ദിലീപിന്റെ ബാല്യകാല സുഹൃത്തുക്കളടക്കം പത്തുപേർ ഈ ശബ്ദം തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ, ഇത് വ്യാജ ശബ്ദരേഖയെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് അയച്ചെങ്കിലും ഫലം ലഭ്യമായിട്ടില്ല.
നടിയെ ആക്രമിച്ചതിൽ ദിലീപിന് പങ്കില്ലെന്നും ഭാര്യ കാവ്യ മാധവന്റെ ഇടപെടലാണ് പിന്നിലെന്നും സൂചിപ്പിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമെന്ന് പറയുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സാക്ഷിയെ സ്വാധീനിക്കുന്ന ശബ്ദരേഖ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവായി ശബ്ദസന്ദേശം പുറത്ത്. കേസിലെ സുപ്രധാന സാക്ഷിയായ ഡോ. ഹൈദരലിയെ സ്വാധീനിക്കാൻ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് ശ്രമിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴിനൽകണമെന്നും ആദ്യം നൽകിയ മൊഴി തിരുത്തണമെന്നുമാണ് ഫോണിലുടെ സുരാജ് ഡോക്ടറോട് ആവശ്യപ്പെടുന്നത്.
നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നാണ് ദിലീപ് വാദിച്ചിരുന്നത്. എന്നാലിത് നുണയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദിലീപ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോ. ഹൈദരലി മൊഴി നൽകിയിരുന്നു. ഇത് തിരുത്താൻ സുരാജ് ആവശ്യപ്പെടുന്നതാണ് ശബ്ദരേഖയിലെ പ്രധാന ഭാഗങ്ങൾ. നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികൾ വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. സാക്ഷികൾ പ്രതികൾക്ക് അനുകൂലമായി എങ്ങനെ കൂറുമാറിയെന്നതിന് തെളിവാകുകയാണ് പുറത്തുവന്ന ശബ്ദസംഭാഷണം.
പ്രോസിക്യൂഷന് കഴിഞ്ഞദിവസം ഈ ശബ്ദസന്ദേശം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുവരെ നടന്ന തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് ശബ്ദസന്ദേശം കോടതിക്ക് സമര്‍പ്പിച്ചത്.
പ്രസക്തഭാഗങ്ങൾ
ഡോ. ഹൈദരലി: പൊലീസിന്റെ കൈയിൽ കോപ്പി ഉണ്ടാകുമല്ലോ, അല്ലേ?
സുരാജ്: ആ കോപ്പിക്ക് വാലിഡിറ്റി ഇല്ല ഡോക്ടറെ. ആ കോപ്പികൊണ്ടൊരു കാര്യവുമില്ല. നമ്മൾ ഇനി മൊഴി കൊടുക്കുന്നതിനനുസരിച്ച് അത് കോടതിയിൽ എഴുതിയെടുക്കും. അതാണ് ഇനി അങ്ങോട്ട് പ്രൊസീഡ് ചെയ്യുന്നത്. കാര്യം നമ്മൾ എഴുതിയതിലൊന്നും ഒപ്പിട്ടില്ല. ആ മൊഴിക്ക് യാതൊരു വാലിഡിറ്റിയും ഇല്ല. പുതിയ മൊഴിയിലാണ് കാര്യം. അതാണ് പിന്നീട് പരിഗണിക്കുന്നത്.
ഡോ. ഹൈദരലി: ഡേറ്റ് കറക്ട് ആയിരിക്കുമല്ലോ?
സുരാജ്: അതെല്ലാം കൈയിലുണ്ട്. മാർച്ച് പകുതിയോടെ കാണാമെന്നാണ് വക്കീൽ പറയുന്നത്. ഏപ്രിലിലാണ് സമയം.
ഡോ. ഹൈദരലി: ഇതുവരെയുള്ളത് എങ്ങനെയായി?
സുരാജ്: ഇതുവരെ ഒരുപ്രശ്നവുമില്ല.
ഡോ. ഹൈദരലി: പിന്നെയും പോകേണ്ടിവരുമോ?
സുരാജ്: ഡോക്ടർ വീണ്ടും വരേണ്ടിവരില്ല. ഡോക്ടറുടെ സ്റ്റേറ്റ്മെന്റ് അവിടെ റെക്കോഡ് ചെയ്താൽ പിന്നെ പോകേണ്ടിവരില്ല. നമ്മള് കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ ജോലി കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍ പറയേണ്ടതെന്ന് വക്കീല്‍ പറഞ്ഞുതരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.