‘അയാൾ എന്നെയല്ല, എന്റെ ജോലിയെയാണ് വിവാഹം കഴിച്ചത്’, കേന്ദ്രീയ വിദ്യാലയ അധ്യാപികയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsRepresentational Image/AI
കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു അൻവിത ശർമയെന്ന 31കാരി. പക്ഷേ, ജീവിതപരീക്ഷയിൽ തോറ്റ് കഴിഞ്ഞ ദിവസം അവർ സ്വയം ജീവനൊടുക്കി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമായിരുന്നു അൻവിതയുടെ ആത്മഹത്യക്ക് വഴിയൊരുക്കിയത്. ഒന്നരപേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് അൻവിത മരണം വരിച്ചത്.
‘എല്ലാവരോടും സോറി..ഇനിയും സഹിക്കാൻ എനിക്ക് കഴിയില്ല. ഞാൻ ഈ ലോകത്തോട് വിടപറയുകയാണ്. എല്ലാ വീട്ടുജോലികളും ചെയ്യുകയും ഒപ്പം പണം സമ്പാദിക്കുകയും ചെയ്യുന്ന സുന്ദരിയായ ഭാര്യയെയാണ് എന്റെ ഭർത്താവ് ആഗ്രഹിക്കുന്നത്. എന്നെക്കൊണ്ട് കഴിയുന്ന രീതിയിലെല്ലാം ഞാൻ ചെയ്തിരുന്നു. പക്ഷേ, ഈ മനുഷ്യൻ എല്ലാറ്റിനും കുറ്റം കണ്ടെത്താറാണ് പതിവ്.
ഞങ്ങൾ തമ്മിൽ തർക്കങ്ങളും പിണക്കങ്ങളുമുണ്ടാകുമ്പോൾ അയാൾ എന്നെയും എന്റെ കുടുംബത്തെയും അധിക്ഷേപിക്കും. ഞങ്ങളെക്കാളെല്ലാം പണം അയാൾ സമ്പാദിക്കുന്നുണ്ടെന്നായിരുന്നു അവകാശവാദം. വിവാഹത്തിനുശേഷം ഉപരി പഠനത്തിന് എന്നെ അനുവദിച്ചില്ല. എന്റെ എല്ലാ അക്കൗണ്ടുകളും ഭർത്താവിന്റെ നിയന്ത്രണത്തിലായി. അയാൾ എന്നെയായിരുന്നില്ല, എന്റെ ജോലിയെയാണ് വിവാഹം ചെയ്തത്....’-ആത്മഹത്യ കുറിപ്പിൽ അൻവിത എഴുതി.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അൻവിതയുടെ ഭർത്താവ് ഗൗരവ് കൗശിക്കിനെയും അയാളുടെ പിതാവ് സുരേന്ദ്ര ശർമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാവ് മഞ്ജുവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഡൽഹിയിലെ ദല്ലുപുരയിലെ കേന്ദ്രീയ വിദ്യാലയത്തിൽ ഫൈൻ ആർട്സ് ടീച്ചറായി ജോലി ചെയ്തിരുന്ന അൻവിതയെ ഗാസിയാബാദിലെ വസുന്ധരയിലുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് അൻവിത മരിച്ചതെന്ന് അവരുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മരിക്കുന്നതിന് തൊട്ടുമുമ്പ് അൻവിത സഹോദരന് മെസേജ് അയച്ചിരുന്നു. ഉച്ച 1.30ഓടെ മെസേജ് അയച്ചതിനു പിന്നാലെ ഭർത്താവിനെ ഇക്കാര്യം അറിയിച്ചതായി സഹോദരൻ അമിത് ശർമ പറഞ്ഞു. ‘നിങ്ങളോട് ഒരുപാട് സ്നേഹമുണ്ട് ഏട്ടാ..എന്നോട് പൊറുക്കണം. എല്ലാവരെയും നന്നായി നോക്കണം’ -അൻവിതയുടെ അവസാന സന്ദേശം ഇതായിരുന്നു.
2019ലാണ് അൻവിതയും ഡോക്ടറായ ഗൗരവും വിവാഹിതരായത്. പിന്നാലെ, ഭർത്താവിന്റെ നിരന്തര പീഡനങ്ങളിൽ അൻവിത അസ്വസ്ഥയായിരുന്നു. ‘അവളോട് വിവാഹ മോചനത്തിന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരിച്ചുവരാൻ കൗശിക് നിർബന്ധിച്ചതിനു പിന്നാലെയാണ് അവൾ ഭർത്താവിനൊപ്പം തുടർന്നത്’ -അമിത് പറഞ്ഞു. അൻവിത-ഗൗരവ് ദമ്പതികൾക്ക് നാലു വയസ്സുള്ള മകനുണ്ട്.
വിവാഹത്തിനായി 26 ലക്ഷം രൂപ താൻ ചെലവഴിച്ചതായി അൻവിതയുടെ പിതാവ് അനിൽ ശർമ പറഞ്ഞു. ‘കൗശിക്കിന്റെ കുടുംബം അത്യാഗ്രഹികളാണെന്ന് ഞങ്ങൾക്ക് വൈകാതെ മനസ്സിലായി. ആദ്യമായി അവർ എന്റെ മകളെ കാണാനെത്തിയപ്പോൾ തന്നെ പുതിയ വാഹനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഞാൻ അതിനോട് സമ്മതം മൂളാൻ അറച്ചുനിന്നെങ്കിലും മകൾക്കുകൂടി വേണ്ടിയല്ലേ എന്ന് കരുതി വാങ്ങിനൽകി. വാഹനം വാങ്ങിയതും കൗശിക്കിന്റെ പേരിലായിരുന്നു’ -അനിൽ ശർമ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.