'ആരോട് പറയും ഈ ക്രൂരത'; ജോലി വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്തവരിൽ നിന്നും വൻതുക തട്ടിയ കേസിൽ അന്വേഷണം
text_fieldsകോട്ടയം: സംസാരശേഷിയില്ലാത്ത നിരവധി പേരിൽനിന്ന് കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് വൻതുക തട്ടിയ കേസ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു.
വെള്ളിയാഴ്ച എസ്.പി. ഓഫിസിൽ നടന്ന ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്തിലാണ് നടപടി. കോട്ടയം, പത്തനംതിട്ട ജില്ലക്കാരായ 13 പരാതിക്കാരാണ് അദാലത്തിന് വന്നത്.
സ്ത്രീകളടക്കം കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 90 പേർ തട്ടിപ്പിനിരയായതായി പരാതിക്കാർ പറഞ്ഞു. പല ആളുകളാണ് ഇവരിൽനിന്ന് പണം വാങ്ങിയതെന്നാണ് പറയുന്നത്. കണ്ണൂർ സ്വദേശിയായ സജി ജോസഫ്, കുവൈത്ത് സ്വദേശി ബദർ ഹെർലൽ ഫവാസ് എന്നിവർ ചേർന്നാണ് ഒരു വിഭാഗത്തിൽനിന്ന് പണം തട്ടിയത്.
ഇവരും സംസാരശേഷിയില്ലാത്തവരാണ്. വിഡിയോ കാളിലൂടെയാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെട്ടിരുന്നത്. സജി ജോസഫ് നേരത്തേ കുവൈത്തിൽ ജോലി ചെയ്തിരുന്നു.
ഈ പരിചയം വെച്ചാണ് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞത്. ചിലർക്ക് ജലവിഭവ വകുപ്പിലാണ് േജാലി വാഗ്ദാനം ചെയ്തത്. മറ്റു ചിലർക്ക് പെയ്ൻറിങ് ജോലിയും. അടൂർ പഴകുളം പന്തപ്ലാവിൽ പുത്തൻവീട്ടിൽ ജോൺസൻ തോമസിന് നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്.
വായ്പ വാങ്ങിയാണ് 2019ൽ ഈ പണം ബാങ്ക് മുഖേന നൽകിയത്. ഉടൻ വിസ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.ഫോൺ വിളിച്ചപ്പോൾ സ്വിച്ചോഫാക്കി. ഇപ്പോൾ വിവരമില്ല. 2020 ൽ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും എതിർഭാഗത്തുള്ളവർ സംസാരശേഷിയില്ലാത്തവരായതിനാൽ ഇടപെടാൻ ബുദ്ധിമുട്ടാണെന്നാണ് അറിയിച്ചത്. മറ്റൊരു വിഭാഗത്തിൽനിന്ന് പണം വാങ്ങിയത് എറണാകുളം സ്വദേശിയായ സുബ്രഹ്മണ്യനാണ്. ഇയാളെയും ഫോണിൽ കിട്ടുന്നില്ല.
തങ്ങൾക്ക് പണം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായാണ് ഇവർ ഡി.ജി.പിയുടെ അദാലത്തിൽ എത്തിയത്. പരാതി കേട്ട അദ്ദേഹം പല ജില്ലകളിൽനിന്ന് പരാതി ഉയർന്ന സാഹചര്യത്തിലും സാമ്പത്തിക കുറ്റകൃത്യമായതിനാലും കേസ് ക്രൈംബ്രാഞ്ചിന് വിടാമെന്ന് അറിയിക്കുകയായിരുന്നു. അതത് പൊലീസ് സ്റ്റേഷനുകളിൽനിന്ന് പരാതിക്കാരെ ബന്ധപ്പെടുമെന്നും ഡി.ജി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.