ശിരോവസ്ത്രം: വിദ്യാർഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് വിദ്യാർഥിനികളെ മർദിച്ചെന്ന പരാതിയിൽ സ്കൂൾ കായികാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
യൂനിഫോം ലംഘനം നടത്തിയെന്ന് പറഞ്ഞ് അധ്യാപകൻ മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥിനികൾ കൂത്തുപറമ്പ് താലൂക്കാശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥിനികൾ കറുത്ത ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ എത്തിയതോടെയാണ് വിവാദ സംഭവം. അച്ചടക്ക കമ്മിറ്റി കൺവീനറായ അധ്യാപകൻ കുട്ടികളെ ചോദ്യം ചെയ്യുകയും മർദിച്ചെന്നുമാണ് പരാതി. യൂനിഫോമിനൊപ്പം അനുവദിക്കപ്പെട്ട വെള്ള വസ്ത്രത്തിന് പകരം കറുത്ത ശിരോവസ്ത്രം ധരിച്ചെത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. മർദനമേറ്റ വിദ്യാർഥിനികളാണ് രക്ഷിതാക്കൾക്കൊപ്പമെത്തി പൊലീസിൽ പരാതി നൽകിയത്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തശേഷം അധ്യാപകനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ശനിയാഴ്ച രാവിലെ മുതൽ ശക്തമായ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എ.സി.പി സജേഷ് വാഴാളപ്പിൽ, ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, എസ്.ഐമാരായ പി. ബിജു, കെ.ടി. സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തത്. അതേസമയം, സ്കൂളിൽ ഹിജാബ് വിലക്കിയിട്ടില്ലെന്നും വെള്ള ഹിജാബിന് പകരം കറുപ്പ് ഹിജാബ് ധരിച്ചത് അധ്യാപകൻ ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും സ്കൂൾ മാനേജ്മെൻറ് വ്യക്തമാക്കി. മുൻ അധ്യാപകന്റെ നിര്യാണത്തെ തുടർന്ന് ശനിയാഴ്ച വിദ്യാലയത്തിന് അവധി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.