വീടുകയറി ആക്രമണം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: വീടു കയറി കുടുംബത്തെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കരുവന്നൂർ സ്വദേശി കുന്നമ്മത്ത് വീട്ടിൽ അനൂപിനെയാണ് (28) റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കരുവന്നൂർ സ്വദേശിയായ സൗമീഷിനെയും കുടുംബത്തെയും വീട് കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച് സൗമീഷിന്റെ വീടിന്റെ ഗേറ്റ് ഇടിച്ചു തുറന്ന് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ സൗമീഷിന്റെ ഭാര്യക്കും അമ്മക്കും ചെറിയ കുട്ടിക്കും പരിക്കേറ്റിരുന്നു. സംഭവശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്തു മുങ്ങിയ അനൂപ് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചയാണ് പെരുമ്പാവൂരിൽ ഇയാൾ ഒളിച്ചു താമസിച്ച കെട്ടിടം പൊലീസ് കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിലാണ് ഇയാൾ ഒളിവിൽ താമസിച്ചിരുന്നത്. മയക്കുമരുന്ന്, കൊലപാതക ശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ് അനൂപ്.
ഇരിങ്ങാലക്കുട, മതിലകം, കൊടകര സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ ആൽബി തോമസ്, മുഹമ്മദ് റാഷി, ഇ.എൻ.സതീശൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ കെ.എസ്.ഉമേഷ്, പി.കെ. കമൽ കൃഷ്ണ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.