വീടുകയറി ആക്രമണം; അച്ഛനും മക്കളും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
text_fieldsപന്തളം: വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടെ ആറ് അംഗ സംഘത്തെ പന്തളം പൊലീസ് തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തിൽനിന്ന് പിടികൂടി. കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട്ടിൽ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ (29), അയൽവാസിയും സുഹൃത്തുക്കളുമായ കുളനട ഉളനാട് ബിനു ഡാനിയൽ (42), കുളനട ഉളനാട് കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), കുളനട ഉളനാട് കരിമല ചിഞ്ചുഭവനിൽ സഞ്ജു (22) എന്നിവരെയാണ് പന്തളം പൊലീസ് പിടികൂടിയത്.
നിരവധി അടിപിടിക്കേസിലെ പ്രതികളായ സംഘം ഏപ്രിൽ 15ന് കുളനട പാണിൽ ചുടുകാട്ടിൽ വല്യത്തകിഴക്കേതിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച ശേഷം ഒളിവിൽ താമസിക്കുകയായിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘത്തെ ഉൾപ്പെടുത്തിയിരുന്നു. കന്യാകുമാരിയിൽ ഒളിവിലായിരുന്ന പ്രതികളെ സാഹസികമായാണ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്.പി, ആർ. ജയരാജിന്റെ നേതൃത്വത്തിൽ പന്തളം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ ബി. അനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ , വിഷ്ണുനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.