യുവതികളെ ഉപയോഗിച്ച് വ്യവസായിയെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടി; യുവനടൻ അറസ്റ്റിൽ
text_fieldsബംഗളൂരു: സുഹൃത്തുക്കളായ യുവതികളെ ഉപയോഗിച്ച് വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഭവത്തിൽ കന്നഡ യുവനടൻ യുവരാജ് അറസ്റ്റിൽ. 73കാരനായ വ്യവസായിയിൽ നിന്നാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് പണം തട്ടിയത്. സുഹൃത്തുക്കളായ കാവന, നിധി എന്നീ യുവതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികളിലൊരാളായ കാവനക്ക് വ്യവസായിയെ നാല് വർഷമായി പരിചയമുണ്ട്. ഇയാളിൽ നിന്ന് പണംതട്ടാൻ യുവരാജിന്‍റെ നേതൃത്വത്തിൽ ഹണി ട്രാപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. കാവന തന്‍റെ സുഹൃത്തായ നിധിയെ ഒരാഴ്ച മുമ്പാണ് വ്യവസായിക്ക് പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും വാട്സാപ്പിലൂടെ ഇയാൾക്ക് നിരന്തരം സന്ദേശങ്ങളും ചിത്രങ്ങളും അയച്ച് പ്രലോഭിപ്പിച്ചു.
(യുവരാജ്)
ആഗസ്റ്റ് മൂന്നിന് ഒരു സ്ഥലത്ത് വന്നാൽ നേരിൽ കാണാമെന്ന് നിധി വ്യവസായിയെ അറിയിച്ചു. പറഞ്ഞ സ്ഥലത്ത് വ്യവസായി എത്തിയതും രണ്ട് പേർ ചേർന്ന് ഇയാളെ കാറിൽ തടഞ്ഞുവെച്ചു. സ്പെഷൽ വിങ് പൊലീസ് ആണെന്നായിരുന്നു ഇവർ പറഞ്ഞത്.
നിധിയും കാവനയും ചേർന്ന് വ്യവസായിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പണം നൽകുകയാണെങ്കിൽ കേസ് അവസാനിപ്പിക്കാമെന്നും ഇവർ പറഞ്ഞു. ഇതുപ്രകാരം വ്യവസായി ആദ്യം 3.4 ലക്ഷവും പിന്നീട് ആറ് ലക്ഷവും പ്രതികൾക്ക് നൽകി.
പിന്നീട്, ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് കുടുംബാംഗങ്ങൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം കൂടി തട്ടിയെടുത്തു. തുടർന്നും പണത്തിനായി ഭീഷണിയുണ്ടായപ്പോൾ വ്യവസായി ഹലസുരു ഗേറ്റ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് നടൻ യുവരാജ് അറസ്റ്റിലായത്. ഇയാളാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തതെന്നും നിധി എന്ന പേരിൽ വ്യവസായിക്ക് സന്ദേശങ്ങളയച്ചത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. കേസിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.