യുവതിയെ ഓട്ടോയിൽനിന്ന് ഇറക്കിവിട്ട് മൂന്നംഗ ഡ്രൈവർമാരുടെ ഗുണ്ടായിസം
text_fieldsകഴക്കൂട്ടം: ടെക്ക്നോപാർക്ക് ജീവനക്കാരിയായ യുവതിയെ ഓട്ടോയിൽനിന്ന് ഇറക്കി വിട്ട് കഴക്കൂട്ടത്തെ ഒരു സംഘം ഓട്ടാറിക്ഷ തൊഴിലാളികളുടെ ഗുണ്ടായിസം. കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം. ടെക്നോപാർക്കിലെ ജീവനക്കാരിയായ അഞ്ജലി വിജയന് നേരെയാണ് സി.എസ്.ഐ മിഷൻ ആശുപത്രിക്ക് മുന്നിലുള്ള ഓട്ടോക്കാരുടെ ഗുണ്ടായിസം.
കാലിൽ ഗുരുതര നീര് വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് വന്നതിനുശേഷം മടങ്ങി പോകവേയായിരുന്നു സംഭവം. അഞ്ജലിയെ ആശുപത്രിയിൽ എത്തിച്ചശേഷം ഭർത്താവ് ജോലിക്കായി മടങ്ങി. ചികിത്സ കഴിഞ്ഞ് തിരികെ ഊബർ ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരുന്നു മൂന്നംഗ സംഘമെത്തി ഊബർ ഓട്ടോ തടഞ്ഞത്. കാലിന് സുഖമില്ലെന്നും നടക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞപ്പോൾ നടന്ന് കാണിക്കാൻ സംഘം ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയിൽ പോകാൻ കഴിയില്ലെന്ന ഭീഷണിക്ക് മുന്നിൽ യുവതി വഴങ്ങി. ഗത്യന്തരമില്ലാതെ യുവതി ഊബർ ഓട്ടോ മടക്കി അയച്ച് ജോലിക്ക് പോയ ഭർത്താവിനെ തിരികെ വിളിച്ചു.
ഇതിനിടയിൽ ഓട്ടോറിക്ഷ സംഘത്തിന്റെ ഗുണ്ടായിസം യുവതി മൊബൈലിൽ പകർത്തി ദൃശ്യങ്ങൾ ഉൾപ്പെടെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. ഓട്ടോ ഡ്രൈവർമാരായ ബിനു, അൽ അമീൻ, നിസാർ എന്നിവരാണ് യുവതിയുടെ യാത്ര തടഞ്ഞത്. ഇവർക്കെതിരെ യാത്ര തടസ്സപ്പെടുത്തിയതിന് കേസെടുത്ത പൊലീസ് വൈകീട്ട് ആറോടെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഴയീടാക്കി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.