അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമ അറസ്റ്റിൽ
text_fieldsകൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. എറണാകുളം ബോൾഗാട്ടി ജങ്ഷനിലുള്ള ബോൾഗാട്ടി ഫുഡ് സ്റ്റാൾ ഉടമ എളമക്കര കീർത്തിനഗർ സേഫ് വേ അപ്പാർട്മെൻറിൽ കണ്ണാട്ടിൽ വീട്ടിൽ യുസഫ് മുഹമ്മദ് (41) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്. 2023 ഡിസംബർ മൂന്നിന് കോഴിക്കോട് സ്വദേശികളായ അഭിഭാഷകർ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. അവരുടെ ഇരുചക്രവാഹനം ഹോട്ടലുടമയുടെ സുഹൃത്തുക്കൾ തള്ളിമറിച്ചിട്ടത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ഹോട്ടലുടമയും ജോലിക്കാരും സുഹൃത്തുക്കളും ചേർന്ന് അഭിഭാഷകരെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ അഭിഭാഷകന് ചെവിക്ക് മുറിവേൽക്കുകയും കേൾവിക്കുറവ് സംഭവിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം ഹോട്ടൽ നിലനിൽക്കുന്ന സ്ഥലം വാടകക്ക് എടുത്ത കമ്പനിയുടെ മാനേജറെ ഫോണിലൂടെയും തുടർന്ന് തന്റെ കൂട്ടാളികളെ ഓഫിസിൽ പറഞ്ഞയച്ചും ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതി കിട്ടിയ ഉടനെ അന്വേഷണം ഊർജിതമാക്കിയ മുളവുകാട് പൊലീസ് പച്ചാളം അയ്യപ്പൻകാവിനടുത്തുവച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
പിടിയിലായ പ്രതിയിൽ നിന്ന് ലഹരിമരുന്നും കണ്ടെടുത്തു. മാനേജറെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളായ വൈപ്പിൻ എടവനക്കാട് മാളിയേക്കൽ വീട്ടിൽ അലക്സ് ജസ്റ്റിൻ (37), ആലുവ അശോകപുരം നടപറമ്പ് റോഡിൽ ജൽമാബി വീട്ടിൽ അനൂപ് എന്നിവരും പിടിയിലായിട്ടുണ്ട്. കൂട്ടുപ്രതികളായ എറണാകുളം സ്വദേശി തൗഫീഖ്, ഹോട്ടൽ മാനേജർ മുളവുകാട് കല്ലറക്കൽ വീട്ടിൽ മാത്യു, ശ്രീലക്ഷ്മി എന്നിവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുളവുകാട് ഇൻസ്പെക്ടർ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ മുളവുകാട് എസ്.ഐ അനീഷ് കെ. ദാസ്, എ.എസ്.ഐ ശ്യാംകുമാർ, പൊലീസുകാരായ അലോഷ്യസ്, സുരേഷ്, അരുൺ ജോഷി, തോമസ് പോൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.