ഹോട്ടൽ ഉടമയുടെ കൊല; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
text_fieldsകണ്ണൂർ: കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. പയ്യാമ്പലത്തെ സൂഫിമക്കാൻ ഹോട്ടലുടമ തായത്തെരു സ്വദേശി ജസീറാണ് (35) തിങ്കളാഴ്ച അർധരാത്രി 12.30ഓടെ ആയിക്കര മത്സ്യമാർക്കറ്റിനടുത്ത് കുത്തേറ്റ് മരിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂർ ഉരുവച്ചാൽ സ്വദേശി ഹനാൻ(22), ആദികടലായി സ്വദേശി റബീഹ്(24) എന്നിവരെ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ കണ്ണൂർ സബ് ജയിലിൽ കഴിയുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിന് കോടതിയിൽ പൊലീസ് അടുത്ത ദിവസം തന്നെ ഹരജി നൽകും.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ജസീർ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, കൊല്ലാനുപയോഗിച്ച ആയുധത്തെപ്പറ്റി ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. വാക്കുതര്‍ക്കത്തിനിടയില്‍ പ്രതികള്‍ കൈയില്‍ കരുതിയ കത്തി പോലുള്ള ആയുധം കൊണ്ട് ജസീറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന.
പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ മുൻവൈരാഗ്യമോ രാഷ്ട്രീയ വിരോധമോ ഉള്ളതായി കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പ്രതികൾ ലഹരിക്കടിമകളാണെന്നും കൃത്യം നടത്തുമ്പോഴും പ്രതികൾ ലഹരി ഉപയോഗിച്ചെന്നുമുള്ള ആക്ഷേപം ശക്തമാണ്. നഗരത്തിലെ ലഹരിമാഫിയക്കെതിരെ നടപടിയെടുക്കുന്നതിൽ സിറ്റി പൊലീസ് വരുത്തിയ വീഴ്ചയാണ് ജസീറിന്റെ കൊലയിൽ കലാശിച്ചതെന്നുമുള്ള ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.