വീട്ടമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു; നമ്പറുകൾ നിരീക്ഷണത്തിൽ
text_fieldsചങ്ങനാശ്ശേരി: അപകീർത്തികരമായി ഫോൺ നമ്പർ പ്രചരിപ്പിച്ചതിനെ തുടർന്ന് സാമൂഹികവിരുദ്ധരുടെ ശല്യത്തിൽ വീട്ടമ്മ പൊറുതിമുട്ടിയ സംഭവത്തിൽ പൊലീസിെൻറ ഇടപെടൽ. സംഭവത്തിൽ ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇവരുടെ ഫോണിലേക്ക് വന്ന കോളുകൾ സൈബർ സെല്ലിെൻറ നിരീക്ഷത്തിലാണ്. ഭൂരിഭാഗം നമ്പറുകളും ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരം കോളുകൾ വരുന്നത് ഒഴിവാക്കാൻ പൊലീസ് സൈബർ വിഭാഗം പ്രത്യേക സോഫ്റ്റ് വെയർ ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നുണ്ട്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയശേഷം കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
സ്വയം സംരംഭം നടത്തുന്ന വീട്ടമ്മയാണ് കഴിഞ്ഞ ഒമ്പത് മാസമായി ദുരിതമനുഭവിക്കുന്നത്. ദിവസം 50 കോളുകൾ വരെയാണ് വരുന്നത്. ഒരു നമ്പറിൽനിന്നുതന്നെ 30ലധികവും തവണ വരെയാണ് വിളിച്ചിരിക്കുന്നത്. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും മോശമായാണ് സംസാരിക്കുന്നതെന്ന് വീട്ടമ്മ പറഞ്ഞു. ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ഫോൺ നമ്പർ മാറ്റാനാണ് നിർദേശിച്ചത്.
നമ്പർ മാറ്റിയെങ്കിലും പിന്നീട് ഈ നമ്പറിലേക്കും ഫോൺ കോളുകൾ തുടർച്ചയായി വരാൻ തുടങ്ങി. മറ്റ് നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. നമ്പർ മാറിയതിനെ തുടർന്ന് തൊഴിൽ മേഖലയിൽ നഷ്ടമുണ്ടായതായി ഇവർ പറയുന്നു. പൊലീസിെൻറ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സമൂഹമാധ്യമത്തിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചതെന്ന് വീട്ടമ്മ പറഞ്ഞു.
ഇതോടെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകുകയുമായിരുന്നു. കുറ്റക്കാർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാൻ കൂടുതൽ കർശനമായ ഇടപെടലുകൾ ഉണ്ടാകും.
ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകൾ സമൂഹത്തിെൻറ നന്മക്കും പുരോഗതിക്കുമാണ് വിനിയോഗിക്കേണ്ടതെന്നും സ്ത്രീകൾക്കെതിരെ നടത്തുന്ന ഹീനമായ ആക്രമണം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി വിശദീകരിച്ചു.
അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി: സ്വയം സംരംഭകയായ വീട്ടമ്മയെ അപമാനിച്ച കേസിൽ കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽനിന്നുള്ള അഞ്ചുപേർ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ് (39), ഹരിപ്പാട് ആയാപറമ്പ് കൈയ്യാലാത്ത് ഷാജി (46), നെടുംകുന്നം കണിയാപറമ്പിൽ അനിക്കുട്ടൻ (29), പാലക്കാട് വടക്കാഞ്ചേരി കണ്ണമ്പ്ര തോട്ടത്തിൽ നിശാന്ത് (34), തൃശൂർ കല്ലിടുക്ക് ചുമന്നമണ്ണ് കടുങ്ങാട്ടുപറമ്പിൽ വിപിൻ (33) എന്നിവെരയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ പരാതിയിൽ പറയുന്ന മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവരെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ഓഫിസിലേക്ക് പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള 44ഓളം പേരെ വിളിച്ചതിൽ 28പേരാണ് എത്തിയത്. ഇതിൽ നമ്പർ മോശമായി പ്രചരിപ്പിച്ച പ്രധാന പ്രതികളായ അഞ്ചുപേരാണ് അറസ്റ്റിലായത്.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് പൊലീസിെൻറ അതിവേഗത്തിലുള്ള നീക്കം. എറണാകുളം റേഞ്ച് ഡി.ഐ.ജി നിരജ്കുമാർ ഗുപ്ത ഞായറാഴ്ച ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വീട്ടമ്മയെ ഫോണിലൂടെ ശല്യംചെയ്ത മറ്റ് പ്രതികെള കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തിനും രൂപംനൽകിയിട്ടുണ്ട്. വീട്ടമ്മയുടെ നമ്പർ ആദ്യം പ്രചരിപ്പിച്ചത് ആരെന്ന് കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി സൈബർ സെല്ല് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.