വെങ്ങല്ലൂരില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി റിമാൻഡിൽ
text_fieldsതൊടുപുഴ: വെങ്ങല്ലൂരില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സഹോദരീഭര്‍ത്താവിെൻറ വെട്ടേറ്റ് മരിച്ച തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയുടെ (54) മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി.
കൊലപാതകത്തിനുശേഷം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ മടക്കത്താനം കൊമ്പനാപറമ്പില്‍ ഷംസുദ്ദീനെയാണ് (60) റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സിക്കു സമീപം ഹലീമ വെട്ടേറ്റുമരിച്ചത്. ഭാര്യ ഹഫ്‌സയുമായി അകന്നുകഴിയുന്ന ഷംസുദ്ദീന്‍ അടുത്ത നാളില്‍ ഇവരെ തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇതിന് ഹലീമ തടസ്സം നില്‍ക്കുന്നുവെന്ന കാരണത്താല്‍ ഇയാള്‍ക്ക് ഇവരോട് വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഹലീമയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ അപായപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വെങ്ങല്ലൂരിനു സമീപം പുതിയ വീട് നിര്‍മിക്കുന്ന ഹലീമ രാത്രി സഹോദരി ഷൈലയുടെ വീട്ടിലാണ് കിടന്നിരുന്നത്.
രാത്രിയില്‍ ഹലീമ ഇവിടേക്ക് പോകുന്നതറിയാവുന്ന പ്രതി ഒരാഴ്ചയായി ഇവര്‍ പോകുന്ന വഴിയിലെ കടക്കുസമീപം കാത്തുനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയും ഒപ്പമുണ്ടായിരുന്നതിനാല്‍ ആക്രമണം നടന്നില്ല. വ്യാഴാഴ്ച രാത്രി ഒറ്റക്ക് വീട്ടിലേക്ക് മടങ്ങിയ ഹലീമയെ ഷംസുദ്ദീന്‍ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡിവൈ.എസ്.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.