വീട്ടമ്മയുടെ 19 ലക്ഷം തട്ടിയ കേസ്; സൂത്രധാരൻ സോഫ്റ്റ്വെയർ എൻജിനീയർ
text_fieldsകോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 19 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ സൂത്രധാരൻ സോഫ്റ്റ്വെയർ എൻജിനീയർ. അസം സ്വദേശിയായ ഇയാൾ കേരള പൊലീസ് എത്തിയെന്നറിഞ്ഞതോടെ വീട്ടിൽനിന്ന് മുങ്ങി. അതേസമയം, തട്ടിപ്പിൽ അറസ്റ്റിലായ ഒന്നാം പ്രതിയും ഇയാളുടെ ബന്ധുവുമായ അസം സ്വദേശി നിതായി നഗറിലെ അബ്ദുൽ റഹീം ലാസ്കാറിനെ (23) മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. സോഫ്റ്റ്വെയർ എൻജിനീയർ കേസിൽ രണ്ടാം പ്രതിയാണെന്നും ഇയാളാണ് ഇനി പിടിയിലാവാനുള്ളതെന്നും പന്നിയങ്കര ഇൻസ്പെക്ടർ കെ. ശംഭുനാഥ് പറഞ്ഞു.
19 ലക്ഷം രൂപ അബ്ദുൽ റഹീം ലാസ്കാറിന്റെ അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്. ഈ അക്കൗണ്ടിൽ മൂന്നു ലക്ഷം രൂപ മാത്രം നിലനിർത്തി ബാക്കി മുഴുവൻ ഇയാൾ പിതാവ്, മാതാവ് ഉൾപ്പെടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇതു കണ്ടെത്തിയ അന്വേഷണ സംഘം പണമെത്തിയ പത്തോളം അക്കൗണ്ടുകൾ മരവിപ്പിച്ചു. തട്ടിപ്പ് നടത്തുന്നതിന് സഹായിച്ച സോഫ്റ്റ്വെയർ എൻജിനീയർ അറസ്റ്റിലായ പ്രതിയുടെ അമ്മാവന്റെ മകനാണ്. തട്ടിപ്പിന് പ്രതിഫലമായി അബ്ദുൽ റഹീം ലാസ്കാർ ഇയാൾക്ക് നൽകിയ 40,000 രൂപ പ്രതിഫലത്തിൽ 39,500 രൂപയും ലാപ്ടോപ് അടക്കം തട്ടിപ്പിനുപയോഗിച്ച ഉപകരണങ്ങളും പൊലീസ് ഒളിവിൽ പോയ ആളുടെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു.
റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിലും സൂത്രധാരനെ പിടികൂടാൻ വീണ്ടും അസമിലേക്ക് പോകുന്നതിലും പൊലീസ് ഉടൻ തീരുമാനമെടുക്കും. മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബിയുടെ യൂനിയൻ ബാങ്ക് അക്കൗണ്ടിലെ പണമാണ് ജൂലൈ 24നും സെപ്റ്റംബർ 19നും ഇടയിൽ ഇവർ തട്ടിയത്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വീട്ടമ്മ ആറുവർഷം മുമ്പ് ഉപേക്ഷിച്ചെങ്കിലും ഇത് ബാങ്കിന്റെ രേഖകളിൽനിന്ന് ഒഴിവാക്കിയിരുന്നില്ല. ബാങ്കടക്കം നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തി. ഇതോടെയാണ് ഈ നമ്പർ നിലവിൽ ഉപയോഗിക്കുന്ന അസം സ്വദേശിയിലേക്ക് അന്വേഷണം നീണ്ടതും അസമിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തതും. പ്രതി ഫാത്തിമയുടെ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതോടെ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം പൊലീസിന് ലഭിച്ചതാണ് അന്വേഷണം കൂടുതൽ എളുപ്പമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.